ഇറ്റലി യുവന്റസിന് തന്നെ സ്വന്തം, തുടർച്ചയായ എട്ടാം തവണയും ലീഗ് കിരീടം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റാലിയൻ ലീഗ് കിരീടം തുടർച്ചയായ എട്ടാം തവണയും യുവന്റസ് തന്നെ ഉയർത്തി. അവസാന രണ്ട് ആഴ്ചയായി മോശം പ്രകടനങ്ങൾ കാരണം കിരീടം വൈകി എങ്കിലും ഇന്ന് കിരീടം ഉറപ്പിക്കാൻ അലെഗ്രിയുടെ ടീമിനായി. ഇന്ന് ഫിയറൊന്റീനയ്ക്ക് എതിരെ നേടിയ വിജയത്തോടെയാണ് ലീഗ് കിരീടം യുവന്റസിന് ഉറപ്പായത്. സീസണിൽ ഇനിയും 5 മത്സരങ്ങൾ ബാക്കി നിൽക്കെയാണ് യുവന്റസ് കിരീടത്തിൽ മുത്തമിട്ടത്. വർഷങ്ങളായി ഇറ്റാലിയൻ ഫുട്ബോളിൽ വലിയ ആധിപത്യം തന്നെയുള്ള യുവന്റസ് ഇത്തവണ ക്രിസ്റ്റ്യാനോ റൊണാൾഡോ കൂടെ എത്തിയതോടെ എതിരാളികളെ ഇല്ലാതായി മാറുകയായിരുന്നു.

ഇന്ന് തുടക്കത്തിൽ ഫിയൊറെന്റീനക്ക് എതിരെ യുവന്റസ് ഒരു ഗോളിന് പിറകിൽ പോയിരുന്നു‌. 37ആം മിനുട്ടിൽ അലക്സ് സാൻട്രൊയും, രണ്ടാം പകുതിയിൽ ഒരു സെൽഫ് ഗോളും ആണ് യുവന്റസിന് വിജയിക്കാനുള്ളാ ഗോളുകൾ സമ്മാനിച്ചത്. ഈ ജയത്തോടെ 33 മത്സരങ്ങളിൽ ഇപ്പോൾ യുവന്റസിന് 87 പോയന്റാണ് ഇപ്പോൾ ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള നാപോളിക്ക് 32 മത്സരങ്ങളിൽ നിന്ന് 67പോയന്റും. നാപോളിക്ക് ഇനി എല്ലാ മത്സരങ്ങളും വിജയിച്ചാലും യുവന്റസിനൊപ്പം എത്താൻ കഴിയില്ല.

യുവന്റസിന്റെ 35ആം ലീഗ് കിരീടമാണിത്. യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിൽ ഏറ്റവും കൂടുതൽ ലീഗ് കിരീടം ഉയർത്തിയ ക്ലബാണ് യുവന്റസ്. ഇത്ര നേരത്തെ ലീഗ് നേടി എങ്കിലും ചാമ്പ്യൻസ് ലീഗിൽ കിരീടം നേടാത്തത് യുവന്റസിന്റെ ലീഗ് സന്തോഷങ്ങളെ ബാധിച്ചിട്ടുണ്ട്.

സീസണിൽ തുടക്കം മുതൽ ലീഗ് ടേബിളിൽ ഒന്നാമതായിരുന്ന യുവന്റസ് റൊണാൾഡോ അടക്കമുള്ള താരങ്ങൾക്ക് അടുത്തിടെ ആയി വിശ്രമങ്ങൾ നൽകിയില്ലായിരുന്നു എങ്കിൽ നേരത്തെ തന്നെ കിരീടം സ്വന്തമാക്കിയേനെ. 18 കിരീടങ്ങൾ വീതമുള്ള മിലാൻ ക്ലബുകൾ ആണ് യുവന്റസിന് പിറകിൽ ഇറ്റലിയിൽ ഉള്ളത്.