വോൾവ്‌സിനെ സമനിലയിൽ തളച്ച് വിലപ്പെട്ട പോയിന്റ് നേടി ബ്രൈറ്റൻ

വമ്പന്മാരെ പ്രീമിയർ ലീഗിൽ പിടിച്ചുകെട്ടി ശീലിച്ച വോൾവ്സിനെ സമനിലയിൽ തളച്ച് ബ്രൈറ്റൻ. സമനിലയോടെ റെലെഗേഷൻ പോരാട്ടത്തിൽ വിലപ്പെട്ട ഒരു പോയിന്റ് നേടാനും ബ്രൈറ്റനായി. മത്സരത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ വോൾവ്സിന്റെ ആധിപത്യമാണ് മത്സരത്തിൽ കണ്ടതെങ്കിലും വോൾവ്‌സ് ആക്രണമങ്ങളെ മുഴുവൻ മികച്ച പ്രതിരോധം തീർത്ത് ബ്രൈറ്റൻ തടയുകയായിരുന്നു. രണ്ടു തവണ വോൾവ്സിന്റെ ശ്രമം പോസ്റ്റിൽ തട്ടി തെറിക്കുകയും ചെയ്തു.

പ്രീമിയർ ലീഗിലെ വമ്പന്മാരെക്കതിരെ ഇപ്പോഴും മികച്ച പ്രകടനം നടത്തുന്ന വോൾവ്‌സ് പോയിന്റ് പട്ടികയിൽ ഏറ്റവും പിറകിലുള്ള ടീമുകളെ തോൽപ്പിക്കാൻ പാടുപെടുന്ന പതിവ് ഈ മത്സരത്തിലും ആവർത്തിക്കുകയായിരുന്നു. ഇന്നത്തെ സമനിലയോടെ ബ്രൈറ്റന് 34 മത്സരങ്ങളിൽ നിന്ന് 34 പോയിന്റായി. റെലെഗേഷൻ സ്ഥാനത്തുള്ള കാർഡിഫിനേക്കാൾ മൂന്ന് പോയിന്റിന്റെ ലീഡ് നിലനിർത്താൻ ബ്രൈറ്റനായി.