ഇംഗ്ലണ്ട്, സ്പെയിൻ, ഇപ്പോൾ ഇറ്റലിയും!! ചരിത്രം കീഴടക്കി റൊണാൾഡോ

- Advertisement -

ഇന്ന് ഫിയൊറന്റീനയെ തോൽപ്പിച്ചതോടെ യുവന്റസ് ഇറ്റാലിയൻ ലീഗിൽ ഒരു കിരീടം കൂടെ ഉറപ്പിച്ചു. ഈ കിരീട നേട്ടം ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരിക്കും. ഇംഗ്ലണ്ട്, സ്പെയിൻ എന്നീ രാജ്യങ്ങളിൽ ലീഗുകൾ കീഴടക്കി എത്തിയ ക്രിസ്റ്റ്യാനോ ഇറ്റലിയിലും ലീഗ് കിരീടം സ്വന്തമാക്കിയിരിക്കുകയാണ്‌. റയൽ മാഡ്രിഡ് വിട്ട് ഇറ്റലിയിലേക്ക് റൊണാൾഡോ വന്നപ്പോൾ പലരും വിമർശിച്ചിരുന്നു. എന്നാൽ ആ വിമർശനങ്ങൾക്ക് ഒക്കെ മറുപടി പറഞ്ഞിരിക്കുകയാണ് റൊണാൾഡോ.

ഈ സീസണിൽ യുവന്റസിന്റെ ഏറ്റവും മികച്ച താരം റൊണാൾഡോ തന്നെ ആയിരുന്നു. സീസണിലെ യുവന്റസിന്റെ ടോപ്പ് സ്കോററും റൊണാൾഡോ തന്നെ. ഇന്ന് കിരീടം നേടിയതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗും, ലാലിഗയും, സീരി എയും നേടുന്ന ആദ്യ ഫുട്ബോൾ താരമായി റൊണാൾഡോ മാറി. ഇതിനു മുമ്പ് ആർക്കും ആ നേട്ടത്തിൽ എത്താൻ ആയിരുന്നില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം മൂന്ന് പ്രീമിയർ ലീഗ് കിരീടങ്ങൾ റൊണാൾഡോ നേടിയിട്ടുണ്ട്. അതിനു പിറകെ റയൽ മാഡ്രിഡിൽ രണ്ട് ലീഗ് കിരീടങ്ങളും നേടി. ഇപ്പോൾ ഇറ്റലിയിലും. ഇത്തവണ ചാമ്പ്യൻസ് ലീഗിൽ മുന്നേറാൻ കഴിഞ്ഞില്ല എന്ന നിരാശ മാറ്റി നിർത്തിയാൽ റൊണാൾഡോയ്ക്ക് മറ്റൊരു മികച്ച സീസണാണിത്. കരിയറിന്റെ അവസാനത്തോട് അടുക്കുമ്പോഴും പുതിയ പുതിയ വെല്ലുവിളികൾ ഏറ്റെടുത്ത് വിജയിക്കുകയാണ് റൊണാൾഡോ.

Advertisement