ഇറ്റാലിയൻ ഫുട്ബോളിലെ ഏറ്റവും വലിയ റൈവലറിയാണ് ഇന്റർ – മിലാൻ പോരാട്ടങ്ങൾ. ഇറ്റാലിയൻ ഫുട്ബോളിന്റെ നെടുംതൂണുകളായ ഇന്റർ മിലാനും എസി മിലാനും ഫുട്ബോൾ ലോകത്തിന് സമ്മാനിച്ചിരിക്കുന്നത് വമ്പൻ താരങ്ങളെയും മികച്ച മത്സരങ്ങളുമാണ്. ഇരു ടീമുകളെയും പരിശീലിപ്പിക്കുന്ന എന്ന സ്വപ്നതുല്ല്യമായ നേട്ടമാണ് പുതിയ മിലാൻ കോച്ച് സ്റ്റിഫാനോ പിയോളിക്ക് കൈവന്നിരിക്കുന്നത്.
ഈ നേട്ടം സ്വന്തമാക്കുന്ന എട്ടാമത്തെ കോച്ചാണ് സ്റ്റിഫാനോ പിയോളി. 2017നു ശേഷമിതാദ്യമായാണ് സാൻ സൈറോയിലേക്ക് പിയോളി പരിശീലക വേഷത്തിൽ തിരികെയെത്തുന്നത്. 2017ൽ ഇന്റർ പരിശീലകനായിരുന്ന പിയോളിയെ ക്ലബ്ബ് പുറത്താക്കുകയായിരുന്നു. ജിയോവാനി ട്രപറ്റോണി, ലിയണാർഡോ എന്നീ ഇതിഹാസ പരിശീലകരുടെ നിരയിലേക്കാണ് പിയോളി കടന്ന് വരുന്നത്. ജോസഫ് വിയോള,ഗസെപ്പോ ബിഗോഗ്നോ,ഗിഗി റാഡിസ്,കാസ്റ്റഗ്നർ,ആൽബർട്ടോ സക്കറോണി എന്നിവരാണ് മറ്റ് പരിശീലകർ. ഏഴു മത്സരങ്ങളിൽ പരിശീലകനായിരുന്ന മാർകോ ഗിയാമ്പോളോക്ക് പകരക്കാരനായാണ് പിയോളി വരുന്നത്.