സീരി എയിൽ വമ്പൻ ജയവുമായി ഇന്റർ മിലാൻ, നാലാം സ്ഥാനത്തേക്ക് ഉയർന്നു

ഇറ്റാലിയൻ സീരി എയിൽ വമ്പൻ ജയം കുറിച്ച് ഇന്റർ മിലാൻ. ബൊളോഗ്നയെ ഒന്നിനെതിരെ ആറു ഗോളുകൾക്ക് ആണ് ഇന്റർ മറികടന്നത്. ജയത്തോടെ ഇന്റർ നാലാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ ബൊളോഗ്ന പതിമൂന്നാം സ്ഥാനത്തേക്ക് വീണു. 22 മത്തെ മിനിറ്റിൽ വഴങ്ങിയ ഗോളിൽ ഇന്റർ മത്സരത്തിൽ പിന്നിൽ പോയി. എന്നാൽ പിന്നീട് ഗോൾ അടിച്ചു കൂട്ടുന്ന ഇന്ററിനെ ആണ് കാണാൻ ആയത്. വെറും നാലു മിനിറ്റിനുള്ളിൽ ഏഡൻ ജെക്കോയിലൂടെ ഇന്റർ ഈ ഗോൾ മടക്കി.

ഇന്റർ മിലാൻ

തുടർന്ന് 36 മത്തെ മിനിറ്റിൽ ഫെഡറിക്കോ ഡിമാർകോ, 42 മത്തെ മിനിറ്റിൽ ഹകന്റെ പാസിൽ നിന്നു ഗോൾ നേടിയ ലൗടാരോ മാർട്ടിനസ് എന്നിവർ ഇന്ററിന് ആദ്യ പകുതിയിൽ മുൻതൂക്കം നൽകി. രണ്ടാം പകുതി തുടങ്ങിയ ഉടൻ ബരെല്ലയുടെ പാസിൽ നിന്നു തന്റെ രണ്ടാം ഗോളും ഡിമാർകോ കണ്ടത്തി. 59 മത്തെ മിനിറ്റിൽ പെനാൽട്ടിയിലൂടെ ഹകനും 76 മത്തെ മിനിറ്റിൽ ജെക്കോയുടെ പാസിൽ നിന്നു റോബിൻ ഗോസൻസും ആണ് ഇന്ററിന്റെ വലിയ ജയം പൂർത്തിയാക്കിയത്. സീരി എയിൽ ഇന്ന് നടന്ന മറ്റ് മത്സരങ്ങളിൽ ഫിയറന്റീന, ടൊറീന ടീമുകളും ജയം കണ്ടു.