പ്രശ്നങ്ങൾ തീരുന്നു, ഇക്കാർഡി പരിശീലനം ആരംഭിച്ചു

- Advertisement -

ഇക്കാർഡി ഇന്റർ മിലാൻ ജേഴ്സിയിൽ ഉടൻ തിരിച്ചെത്തും. ഒരു മാസത്തോളം നീണ്ട പ്രശ്നത്തിന് ഒടുവിൽ ഇക്കാർഡി ടീമിൽ കളിക്കാൻ തയ്യാറാണ് എന്ന് അറിയിച്ചതായി ഇന്റർ ക്ലബുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. താരം ടീമിനൊപ്പം പരിശീലനം ആരംഭിച്ചിരിക്കുകയാണ്. ഇന്റർനാഷണൽ ഇടവേളയ്ക്ക് ശേഷമുള്ള ലാസിയോ മത്സരം മുതൽ ഇക്കാർഡി കളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കരാർ സംബന്ധിച്ചുള്ള പ്രശ്നങ്ങൾക്ക് ശേഷം ഇന്റർ മിലാന്റെ ക്യാപ്റ്റൻസി നഷ്ടപ്പെട്ട ഇക്കാർഡി ഇതുവരെ പിന്നെ ഇന്റർ മിലാനായി കളിച്ചിട്ടില്ല. ഫെബ്രുവരി 13നായിരുന്നു ഇക്കാർഡിയുടെ ക്യാപ്റ്റൻസി ഇന്റർ മിലാൻ നീക്കിയത്. പരിക്കും മറ്റു കാരണങ്ങളും പറഞ്ഞായിരുന്നു ഇക്കാർഡി ഇതുവരെ കളിക്കാൻ കൂട്ടാക്കാതിരുന്നത്. ക്യാപ്റ്റൻസി തിരികെ ലഭിച്ചാൽ മാത്രമെ ഇന്റർ മിലാനായി കളിക്കും എന്ന നിലപാടിൽ നിന്ന് ഇക്കാർഡി അയഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച നടന്ന മിലാൻ ഡെർബിയിൽ ഇക്കാർഡി കളിച്ചിരുന്നില്ല എങ്കിലും ഇന്റർ വിജയിച്ചിരുന്നു.

Advertisement