യുവന്റസിനെതിരെ സീരി എ യിൽ വെല്ലുവിളിയുയർത്തുന്നത് നാപോളി മാത്രമെന്ന് മുൻ ഇറ്റാലിയൻ കോച്ചായ ജിയാൻ പിയറോ വെഞ്ചുറ. ഒട്ടേറെ ഇറ്റാലിയൻ ടീമുകൾ യുവന്റസിന്റെ മുഖ്യ എതിരാളികൾ തങ്ങളാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അവർക്കെതിരെ മികച്ച പോരാട്ടം കാഴ്ച വെക്കുക നാപോളിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സീസണിൽ 91 പോയിന്റ്‌സുമായാണ് നാപോളി സീസൺ അവസാനിപ്പിച്ചത്. 95 പോയന്റ് നേടിയാണ് യുവന്റസ് കപ്പടിച്ചത്.
ഇത്തവണയും യുവന്റസിന് വെല്ലുവിളി ഉയർത്തുക നാപോളി തന്നെയാകും, സാരിക്ക് പകരം ചുമതലയേറ്റ ആഞ്ചലോട്ടി നാപോളിയെ കിരീടത്തിലേക്ക് നയിക്കുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും വെഞ്ചുറ കൂട്ടിച്ചേർത്തു. ഇന്റർ നിരവധി സൈനിംഗുകൾ നടത്തിയിട്ടുണ്ടെങ്കിലും കളിക്കളത്തിൽ അത് കാണുമെന്നു പ്രതീക്ഷിക്കുന്നില്ല, കഴിഞ്ഞ സീസണിൽ മിലാൻ നിരവധി സൈനിംഗുകളുമായി ഇറങ്ങി ദയനീയമായ പ്രകടനമാണ് കാഴ്‌ച വെച്ചതെന്നും വെഞ്ചുറ പറഞ്ഞു. മുൻ ടോറീനോ കോച്ചായ വെഞ്ചുറയുടെ കീഴിലാണ് ടോറീനോ 20 വർഷത്തിലാദ്യമായി ഡെർബിയിൽ യുവന്റസിനെ പരാജയപ്പെടുത്തിയത്.