സീരി എയിൽ കലിയരി താരങ്ങൾക്ക് പിഴ. റോമയുമായുള്ള മത്സരത്തിലെ ഇഞ്ചുറി ടൈമിലെ ഇരട്ട ചുവപ്പ് കാർഡിനാണ് താരങ്ങൾക്ക് പിഴ വിധിച്ചത്. ഇറ്റാലിയൻ ലീഗിൽ രണ്ടു ഗോളിന്റെ ലീഡ് വഴങ്ങിയ കലിയരി തകർപ്പൻ തിരിച്ചു വരവിലൂടെ റോമയെ സമനിലയിൽ തളച്ചിരുന്നു. കലിയരിയുടെ സമനില ഗോളും രണ്ടു ചുവപ്പ് കാർഡും ഇഞ്ചുറി ടൈമിൽ പിറന്നു.
ഇഞ്ചുറി ടൈമിലെ റഫറിക്കെതിരായ പ്രതിഷേധങ്ങളാണ് കലിയരി താരങ്ങളായ ലൂക്ക സെപ്പിറ്റലി, ദരിജോ സർന എന്നിവർക്ക് ചുവപ്പ് വാങ്ങി നൽകിയത്. ചുവപ്പ് കൊടുത്ത് താരങ്ങളെ പുറത്തയച്ചെങ്കിലും ഇഞ്ചുറി ടൈം സമനില ഗോൾ ആഘോഷിക്കാൻ ഇരു താരങ്ങളും വന്നിരുന്നു. ചുവപ്പ് ലഭിച്ച താരങ്ങൾക്ക് അയ്യായിരം യൂറോ പിഴയും രണ്ടു മത്സരങ്ങളിൽ വിലക്കുമാണ് ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ വിധിച്ചത്.