പോയിന്റ് പട്ടികയിലെ മുമ്പന്മാരുടെ പോരാട്ടം തുല്യശക്തികളുടെ ബലാബലം ആയി മാറിയപ്പോൾ എതിരാളികൾക്ക് കീഴടങ്ങാതെ ഉദിനീസും അറ്റലാന്റയും. ഉദിനീസിന്റെ തട്ടകത്തിൽ വെച്ചു നടന്ന പോരാട്ടത്തിൽ രണ്ടു വീതം ഗോളുകൾ നേടി ഇരുവരും പോയിന്റ് പങ്കുവെച്ചു. ആതിഥേയർക്ക് വേണ്ടി ജെറാർഡ് ദെലൂഫുവും പേരെസും ലക്ഷ്യം കണ്ടപ്പോൾ അറ്റലാന്റയുടെ ഗോളുകൾ ലൂക്മാനും മുര്യെലും നേടി. സമനിലയോടെ അറ്റലാന്റയുടെ ഒന്നാം സ്ഥാനം ഭീഷണിയിലായി. നപോളിക്കും എസി മിലാനും തങ്ങളുടെ മത്സരങ്ങളിൽ വിജയം നേടാനായാൽ ആദ്യ സ്ഥാനങ്ങളിലേക്ക് തിരികെ എത്താൻ ഇതോടെ അവസരമൊരുങ്ങി.
ഒന്നാം മിനിറ്റിൽ തന്നെ ലക്ഷ്യത്തിലേക്ക് ഉന്നം വെച്ച് ഉദിനീസാണ് ആക്രമണത്തിന് തുടക്കം കുറിച്ചത്. ഇരുടീമുകളും മാറിമാറി എതിർ ഗോൾ മുഖത്ത് എത്തുയെങ്കിലും ആദ്യ ഗോൾ വീഴാൻ മത്സരത്തിൽ അരമണിക്കൂർ പിന്നിടേണ്ടി വന്നു. ലൂക്ക്മാന്റെ ഗോളിൽ അറ്റലാന്റ ലീഡ് എടുത്തു. മുര്യെലിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി താരം തന്നെ ലക്ഷ്യത്തിൽ എത്തിച്ചതോടെ അറ്റലാന്റ ലീഡ് ഇരട്ടിയാക്കി. അറുപത്തിയേഴാം മിനിറ്റിൽ ദെലൂഫുവിന്റെ ഗോളിലൂടെ ഉദിനീസ് തിരിച്ചടിക്ക് തുടക്കമിട്ടു. എഴുപതിയേട്ടാം മിനിറ്റിൽ നെഹ്വെൻ പേരെസിന്റെ ഹെഡർ ഉദിനീസിന് വിലപ്പെട്ട ഒരു പോയിന്റ് സമ്മാനിച്ചു.