ലീഡ്സിനെ വീഴ്ത്തി ക്രിസ്റ്റൽ പാലസ്

പൊരുതിക്കളിച്ച ലീഡ്സിനെ സ്വന്തം തട്ടകത്തിൽ വെച്ച് വീഴ്ത്തി ക്രിസ്റ്റൽ പാലസ്. സീസണിൽ എവെ മത്സരങ്ങളിൽ വിജയം നേടാനാവാത്ത ലീഡ്സിന് ആദ്യം ഗോൾ നേടാനായെങ്കിലും മത്സരം പാട്രിക് വിയേരയുടെ സംഘത്തിന് അടിയറ വെക്കാൻ ആയിരുന്നു വിധി. സീസണിൽ രണ്ടാം വിജയം നേടിയ ക്രിസ്റ്റൽ പാലസ് പോയിന്റ് പട്ടികയിൽ ലീഡ്സിന് തൊട്ടു താഴെ സ്ഥാനം ഉറപ്പിച്ചു. ഒൻപത് വീതം പോയിന്റുകൾ നേടി ലീഡ്സ് പതിനാലാമതും പാലസ് പതിനഞ്ചാമതും ആണ്.

സന്ദർശക ടീമിന്റെ ഗോളോടെയാണ് മത്സരം ഉണർന്നത്. മുന്നേറ്റതാരം ആരോൻസൻ മൂന്ന് പ്രതിരോധ താരങ്ങളെ മറികടന്ന് നടത്തിയ അതിമനോഹരമായ നീക്കമാണ് ആദ്യ ഗോളിൽ കലാശിച്ചത്‌. ഡ്രിബിൾ ചെയ്തു കയറിയ താരം ലക്ഷ്യത്തിലേക് ഷോട്ട് ഉതിർത്തെങ്കിലും പോസ്റ്റിൽ തട്ടി തെറിച്ചു. ഊഴം കാത്ത് നിന്ന സ്ട്രൂയിക്കിന് പന്ത് വലയിൽ എത്തിക്കാൻ സാധിച്ചു. ബംഫോർഡിന് ലീഡ് ഉയർത്താനുള്ള അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാൻ ആയില്ല. ഇരുപത്തിനാലാം മിനിറ്റിൽ സമനില ഗോൾ എത്തി. ഓലിസെയുടെ ഫ്രീകികിൽ തലവെച്ച് എഡ്വാർഡ്സ് ആണ് ക്രിസ്റ്റൽ പാലസിന്റെ രക്ഷക്ക് എത്തിയത്. ഓഫ്‌സൈഡ് മണമുള്ള ഗോൾ വാർ റഫറി നീണ്ട അവലോകനത്തിന് ശേഷമാണ് അനുവദിച്ചത്. വിജയ ഗോളിന് വേണ്ടി സമ്മർദ്ദം തുടർന്ന പാലസിന് എഴുപതിയാറാം മിനിറ്റിൽ കാത്തിരുന്ന ഗോൾ ലഭിച്ചു. വിൽഫ്രെഡ് സാഹയുടെ അസിസ്റ്റിൽ എസെയാണ് വലകുലുക്കിയത്.