ടീമിൽ എത്തി മൂന്ന് വർഷത്തിന് ശേഷം വെൽഷ് താരം ആരോൺ റാംസിയുമായുള്ള ബന്ധം യുവന്റസ് അവസാനിപ്പിച്ചു. കരാർ റദ്ദാക്കാൻ വേണ്ടി താരവും ക്ലബ്ബും പരസ്പര ധാരണയിൽ എത്തുകയായിരുന്നു. നിലവിൽ അടുത്ത സീസൺ വരെയായിരുന്നു റാംസിക്ക് കരാർ ബാക്കിയുണ്ടായിരുന്നത്. കരാർ അവസാനിപ്പിക്കുന്നതിന് വേണ്ടി മൂന്ന് മില്യൺ യൂറോ റാംസിക്ക് യുവന്റസ് നൽകും. പരിക്ക് മൂലം നിരവധി മത്സരങ്ങൾ താരത്തിന് യുവന്റസിൽ നഷ്ടപ്പെട്ടിരുന്നു. ഇതിന് പുറമെ ഏഴു മില്യൺ യൂറോയോളം വാർഷിക വരുമാന ഇനത്തിലും റാംസിക്ക് നൽകേണ്ടതുണ്ടായിരുന്നു.
നേരത്തെ, കഴിഞ്ഞ സീസണിൽ ലോണിൽ കളിച്ചിരുന്ന റേഞ്ചേഴ്സിലേക്ക് കൂടുമാറാൻ റാംസി ശ്രമിച്ചിരുന്നു. എന്നാൽ ഇത് സാധ്യമാവാതെ വന്നതോടെ താരവുമായുള്ള ബന്ധം അവസാനിപ്പിക്കാൻ യുവന്റസ് തീരുമാനിക്കുകയായിരുന്നു. കരാർ അവസാനിച്ചതോടെ താരത്തിന് പുതിയ തട്ടകം തേടാനാവും. പ്രീമിയർ ലീഗിലേക്ക് തിരിച്ച് പോകാനും മുൻ ആഴ്സണൽ താരത്തിന് താൽപര്യമുണ്ട്.
റാംസി ടീം വിട്ടത്തിന് പിറകെ മധ്യ നിരയിലേക്ക് പുതിയ ആളുകളെ തേടുകയാണ് യുവന്റസ്. പിഎസ്ജി താരം ലിയൻഡ്രോ പരെഡെസ് അടക്കം ടീമിന്റെ പരിഗണനയിൽ ഉണ്ടെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. പക്ഷെ ഇതിന് വേണ്ടി യുവന്റസ് കൂടുതൽ താരങ്ങൾക്ക് ടീമിൽ നിന്നും പുറത്തെക്കുള്ള വഴി തേടേണ്ടി വരും.