ഇരട്ട ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ, ഇറ്റലിയിൽ ലീഡുയർത്തി യുവന്റസ്

- Advertisement -

സീരി എയിൽ വീണ്ടും ജയിച്ച് കയറി യുവന്റസ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് യുവന്റസ് പാർമയെ പരാജയപ്പെടുത്തിയത്. ഇറ്റാലിയൻ ചാമ്പ്യന്മാർക്ക് വേണ്ടി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളുകൾ നേടിയപ്പോൾ കോർണേലിയസാണ് പാർമയുടെ ആശ്വാസ ഗോൾ നേടിയത്. ഇന്നത്തെ ജയത്തോട് കൂടി സീരി എയിലെ ലീഡ് നാല് പോയന്റായി ഉയർത്തി യുവന്റസ്.

ആദ്യ പകുതി അവസാനിക്കാനിരിക്കെയാണ് റൊണാൾഡോയിലുടെ യുവന്റസ് ലീഡ് നേടിയത്. എന്നാൽ ഓൾഡ്‌ ലേഡിയുടെ ലീഡ് അധിക‌നേരം നിലനിന്നില്ല‌. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പകരക്കാരനായി ഇറങ്ങിയ കൊർണേലിയസ് ഗോളടിച്ചു. എന്നാൽ മൂന്ന് മിനുട്ടുകൾക്ക് ശേഷം വീണ്ടുമൊരു ക്രിസ്റ്റ്യാനോ ഗോളിലൂടെ യുവന്റസ് വിജയ ഗോൾ കരസ്ഥമാക്കി. ഹാട്രിക്ക് പൂർത്തിയാക്കാനുള്ള അവസരം റൊണാൾഡോക്ക് ലഭിച്ചതായിരുന്നു. പക്ഷേ പാർമയുടെ കാവൽക്കാരൻ സെപെയുടെ മികച്ച പ്രകടനം പോർച്ചുഗീസ് താരത്തെ തടഞ്ഞു. യൂറോപ്പിലെന്ന പോലെ ഇറ്റലിയിലും ക്രിസ്റ്റ്യാനോയുടെ സഹായത്തോടെയാണ് യുവന്റസ് ഇപ്പോൾ ജയിച്ചു കയറുന്നത്. കോപ്പ ഇറ്റാലിയയിൽ കരുത്തരായ റോമക്കെതിരെയാണ് യുവന്റസിന്റെ അടുത്ത മത്സരം.

Advertisement