സന്തോഷ് ട്രോഫി ഭാഗ്യ ചിഹ്നം; നാളെ പ്രകാശനം ചെയ്യും

Kerala Santosh Trophy

75 ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യ ചിഹ്നം നാളെ പ്രകാശനം ചെയ്യും. രാവിലെ 11.30 ന് മലപ്പുറം പ്രസ്സ് ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ ബഹുമാനപ്പെട്ട കായിക വകുപ്പ് മന്ത്രി ശ്രീ. വി. അബ്ദുറഹ്‌മാന്‍ അവര്‍കളാണ് ഭാഗ്യ ചിഹ്നം പ്രകാശനം ചെയ്യുന്നത്. ഭാഗ്യ ചിഹ്നം രൂപകല്‍പന ചെയ്തയാള്‍ക്ക് 50,000 രൂപയാണ് പാരിദോഷികമായി നല്‍ക്കുന്നത്. നാളെ നടക്കുന്ന ചടങ്ങില്‍ ജില്ലയിലെ ജനപ്രധിനിധികള്‍, മലപ്പുറം ജില്ലാ കലക്ടര്‍ ശ്രീ. വി.ആര്‍. പ്രേംകുമാര്‍ ഐ.എ.എസ്., മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍, ജില്ലയിലെ പ്രധാന ഉദ്യോഗസ്ഥര്‍, കായിക പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ജില്ലയിലെ ജൂനിയര്‍ താരങ്ങളെയും ഉള്‍പ്പെടുത്തി സൗഹൃദ മത്സരങ്ങള്‍, പ്രചരണപരിപാടികള്‍, ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെടുത്തി പ്രമോ വീഡിയോ, തീം സോങ്, ലക്ഷം ഗോള്‍ പരിപാടി എന്നിങ്ങനെ വിവിധ പരിപാടികളാണ് സംഘാടക സമിതി ആസൂത്രണം ചെയ്തിട്ടുണ്ട്.
ഏപ്രില്‍ 15 മുതല്‍ മെയ് ആറുവരെയാണ് സന്തോഷ് ട്രോഫി മത്സരങ്ങള്‍ നടക്കുന്നത്. നേരത്തെ ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറുവരെയായിരുന്നു ചാമ്പ്യന്‍ഷിപ്പ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനം കാരണം ചാമ്പ്യന്‍ഷിപ്പ് മാറ്റിവെക്കുകയായിരുന്നു. നിലവില്‍ ചാമ്പ്യന്‍ഷിപ്പിന് വേണ്ട പ്രാഥമിക ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.