സാഫ് കപ്പിന്റെ കിരീടപ്പോരാട്ടത്തിന് ശ്രീ കാണ്ഡീരവ സ്റ്റേഡിയത്തിൽ തിരിതെളിയുമ്പോൾ ഇന്ത്യയും കുവൈറ്റും ടൂർണമെന്റിൽ ഒരിക്കൽ കൂടി മുഖാമുഖം വരും. ഇന്റർ കോണ്ടിനെന്റൽ കപ്പ് നേടിയ ആവേശമടങ്ങുന്നതിന് മുൻപ് ഒൻപതാം തവണയും സാഫ് കപ്പ് എന്ന നേട്ടത്തിന് തൊട്ടരികിൽ ആണ് നിലവിലെ ചാമ്പ്യന്മാർ കൂടിയ ആയ ഇന്ത്യൻ ടീം. അതിഥികൾ ആയി ടൂർണമെന്റിന് എത്തിയ കുവൈറ്റ് ആവട്ടെ തങ്ങളുടെ കാല്പന്ത് പ്രതാപത്തിലേക്ക് തിരിച്ചു വരുന്ന സൂചനകൾക്ക് അടിവരയിടാൻ കിരീടത്തിൽ കുറഞ്ഞതൊന്നും സ്വപ്നം കാണുന്നുണ്ടാവില്ല. ബാംഗ്ലൂരിൽ ചൊവ്വാഴ്ച്ച വൈകീട്ട് ഏഴ് മുപ്പതിന് മത്സരത്തിന് വിസിൽ മുഴങ്ങും.
തുടർച്ചയായ മികച്ച പ്രകടനങ്ങളുടെ പിൻബലത്തിൽ ആണ് ഇന്ത്യയുടെ വരവ്. ഇന്റർകോണ്ടിനെന്റൽ ഫൈനലിൽ കീഴടക്കിയ ലെബനനെ ഒരിക്കൽ കൂടി നിർണായ മത്സരത്തിൽ കീഴടക്കാൻ ഇന്ത്യക്കായി. അതേ സമയം കുവൈറ്റിനെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ നടന്ന മത്സരം ടീമിന് ഒരേ സമയം ആശങ്കയും പ്രതീക്ഷയും നൽകും. ആദ്യം ഗോൾ നേടി ലീഡ് നേടാൻ സാധിച്ചെങ്കിലും അവസാന നിമിഷങ്ങളിൽ കുവൈറ്റ് നീക്കങ്ങൾക്ക് മുൻപിൽ ടീം ആടിയുലഞ്ഞിരുന്നു. ഈ സമയത്ത് ടീം ഏതു നിമിഷവും ഗോൾ വഴങ്ങുമെന്ന പ്രതീതി ഉണ്ടാക്കിയെന്ന് കോച്ച് സ്റ്റിമാക്കും പിന്നീട് അടിവരയിട്ടു. എന്നാൽ സെൽഫ് ഗോളിന്റെ രൂപത്തിൽ ആണ് അന്ന് നിർഭാഗ്യം ഇന്ത്യയെ പിടികൂടിയത്. ഫൈനൽ പോരാട്ടത്തിലും മികച്ച ഫോമിലുള്ള പ്രതിരോധത്തിൽ തന്നെയാണ് ടീമിന്റെ പ്രതീക്ഷ. എതിർ മുന്നേറ്റങ്ങളെ ഫലപ്രദമായി തടയാൻ കഴിഞ്ഞ നിരവധി മത്സരങ്ങളിൽ ഇന്ത്യൻ പ്രതിരോധത്തിന് കഴിയുന്നുണ്ട്. ഗോൾ വേട്ടയിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന ക്യാപ്റ്റൻ ഛേത്രിക്കും ഫൈനലിൽ മറ്റൊരു റെക്കോർഡ് മുൻപിൽ ഉണ്ട്. സാഫ് കപ്പിലെ എക്കാലത്തെയും ടോപ്പ് സ്‌കോറർ പദവിയിൽ ഒറ്റക്ക് ഇരിക്കാൻ ഇനി ഒരേയൊരു ഗോൾ മാത്രമാണ് ഇതിഹാസ താരത്തിന് വേണ്ടത്. ഒരു പക്ഷെ തന്റെ അവസാന സാഫ് കപ്പിന്റെ ഓർമകളെ സുവർണ ലിപികളിൽ എഴുതിചേർക്കാൻ വല കുലുക്കി കൊണ്ട് തന്നെ ക്യാപ്റ്റൻ മുന്നിൽ നിന്ന് നയിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.
ഇന്ത്യൻ ടീമിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകില്ല. മഞ്ഞക്കാർഡ് ലഭിച്ചത് കാരണം സെമി ഫൈനൽ നഷ്ടമായ സന്ദേഷ് ജിങ്കന്റെ വരവ് ഇന്ത്യക്ക് വീണ്ടും കരുത്തേകും. അൻവർ അലി ബെഞ്ചിലേക്ക് മടങ്ങും. ഉദാന്ത, ചാങ്തെ, സഹൽ, ആഷിക് എന്നിവർ ഛേത്രിക്ക് പിന്തുണ നൽകാൻ എത്തും. കൂടെ മഹേഷ് സിങ് കൂടി ആവുമ്പോൾ ഇന്ത്യൻ ആക്രമണം പൂർണമാവും. ആഷിഖും മഹേഷും തന്നെ ഇരു വിങ്ങുകളിലും എത്തുമെന്ന് അസിസ്റ്റന്റ് കോച്ച് മഹേഷ് ഗൗലി സൂചന നൽകിയിട്ടുണ്ട്. അനിരുദ്ധ് ഥാപ്പയും ഫോമിൽ തന്നെ. അതേ സമയം അച്ചടക്ക നടപടി നേരിടുന്ന കോച്ച് ഐഗോർ സ്റ്റിമാക് മത്സരം ഗാലറിയിൽ നിന്നും വീക്ഷിക്കും.
കുവൈറ്റിന് നിർണായകമാണ് ഈ ഫൈനൽ. സമീപ കാലത്ത് മികച്ച ഫലങ്ങൾ നേടാനായ ടീമിന് കിരീട നേട്ടം നൽകുന്ന ആത്മവിശ്വാസം ചെറുതാകില്ല. കഴിഞ്ഞ പതിറ്റാണ്ടിൽ തിരിച്ചടി നേരിട്ട രാജ്യത്തെ ഫുട്ബോളിൽ ഇതൊരു ജീവവായുവാകും. സെൽഫ് ഗോൾ എങ്കിലും ടൂർണമെന്റിൽ മുഴുവൻ സമയത്ത് ഇന്ത്യൻ ടീമിന്റെ വലയിൽ പന്തെത്തിച്ച ഒരേയൊരു ടീമാണ് കുവൈറ്റ്. സെമിയിൽ ബംഗ്ലാദേശിനെ വീഴ്ത്തിയാണ് അവർ ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്. സെമിയിൽ കളത്തിൽ ഇറങ്ങാതിരുന്ന ഹമാദ്, അൽ – എനെസി, റെദ ഹാനി എന്നിവർ ആദ്യ ഇലവനിലേക്ക് മടങ്ങി എത്തിയേക്കും. ഇതുവരെ കളിച്ചതിൽ നിന്നും വ്യത്യസ്തമായിട്ടാവും ഫൈനലിൽ ഇന്ത്യയെ നേരിടുകയെന്ന് കോച്ച് റോയ് പിന്റോ വ്യക്തമാക്കി.