വംശീയാധിക്ഷേപമുള്ള ട്വീറ്റ് , സ്പാർട്ടക് മോസ്കോ വിവാദത്തിൽ

 

റഷ്യൻ ഫുട്ബോൾ ക്ലബ്ബായ സ്പാർട്ടക് മോസ്കോ വീണ്ടും വിവാദത്തിൽ. ഇത്തവണ വിവാദത്തിലായത് വംശീയാധിക്ഷേപം തുളുമ്പുന്ന ട്വീറ്റ് കാരണമാണ്. കറുത്ത വർഗക്കാരായ താരങ്ങളെ ചോക്ലേറ്റ്സ് എന്ന് വിശേഷിപ്പിച്ച റ്റ്വീറ്റാണ് ഇപ്പോൾ വിവാദത്തിലായത്. 5 മണിക്കൂറുകൾക്ക് ശേഷം ഒഫീഷ്യൽ അക്കൗണ്ടിൽ നിന്നും സ്പാർട്ടക് റ്റ്വീറ്റ് ഡിലീറ്റ് ചെയ്തെങ്കിലും സോഷ്യൽ മീഡിയകളിൽ അപ്പോളേക്കും ട്വീറ്റ് വൈറലായിരുന്നു.

ബ്രസീലിയൻ താരങ്ങളായ ഫെർണാഡോ, ലൂയിസ് അഡ്രിയാനോ,പെഡ്രോ റൊച എന്നിവർ പരിശീലനം നടത്തുന്ന വീഡിയോയ്ക്ക് “How chocolates Melt in the sun” എന്ന് തർജ്ജമ ചെയ്യാവുന്ന ക്യാപ്ഷനാണ് വിവാദത്തിലായത്. അതേ വീഡിയോയിൽ തന്നെ സ്പാർട്ടകിന്റെ റഷ്യൻ താരം സിഗിയ ഇതേ വാചകങ്ങൾ ആവർത്തിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ പ്രതിഷേധങ്ങൾ ശക്തമായപ്പോൾ ഇതേ താരങ്ങൾ ഒന്നിക്കുന്ന മറ്റൊരു വീഡിയോയും ക്ലബ്ബ് ഇറക്കിയിട്ടുണ്ട്. ഇതാദ്യമായല്ല സ്പാർട്ടക് വംശീയാധിക്ഷേപാരോപണത്തിന്റെ നിഴലിൽ വരുന്നത്. യൂത്ത് ലീഗ് മത്സരത്തിൽ ലിവർപൂളിന്റെ റയാൻ ബ്രൂസ്റ്റെറിനെ സ്പാർട്ടകിന്റെ ലിയോനിട് മിറോനോവ് വംശീയമായി അധിക്ഷേപിച്ചു എന്ന ആരോപണം നിലവിലുണ്ടായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial