ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഒന്നിൽ കൂടുതൽ മത്സരങ്ങളിൽ വിലക്ക് കിട്ടാൻ സാധ്യത. ഇന്നലെ സൗദി സൂപ്പർ കപ്പിൽ ചുവപ്പുകാർഡ് വാങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ കൂടുതൽ നടപടികൾ ഉണ്ടായേക്കും എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ഇന്നലെ അൽ ഹിലാലിനെ സൂപ്പർ കപ്പിൽ നേരിട്ട അൽ നസർ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ പരാജയം ഏറ്റുവാങ്ങിയിരുന്നു.
മത്സരത്തിന്റെ 86ആം മിനിറ്റിൽ ആണ് റൊണാൾഡോ ചുവപ്പ് കാർഡ് വാങ്ങിയത്. എതിർ താരം അൽ ബുലൈഹിയെ രണ്ടുതവണ എൽബോ വച്ച് ഇടിച്ചതിനാണ് റൊണാൾഡോയ്ക്ക് ചുവപ്പ് കിട്ടിയത്. ചുവപ്പുകാർഡ് വാങ്ങിയ റൊണാൾഡോ റഫറിക്കെതിരെയും രോഷാകുലനായി പെരുമാറിയിരുന്നു. ഇതാണ് റൊണാൾഡോയുടെ വിലക്ക് വർദ്ധിപ്പിക്കാൻ കാരണമായേക്കാവുന്ന സംഗതി.
അടുത്ത മത്സരത്തിൽ നാസർ അൽഫയ്ഹയെ ആണ് നേരിടുന്നത്. ആ മത്സരത്തിൽ നിന്ന് റൊണാൾഡോ എന്തായാലും പുറത്താണെന്ന് ഉറപ്പാണ്. അത് കഴിഞ്ഞു വരുന്ന രണ്ട് ലീഗ് മത്സരങ്ങളിൽ കൂടി റൊണാൾഡോക്ക് വിലക്ക് കിട്ടുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. റഫറിയുടെ മാച്ച് റിപ്പോർട്ട് അനുസരിച്ച് ആയിരിക്കും ഇതിൽ അന്തിമ നടപടി എടുക്കുക.
നേരത്തെ ആരാധകർക്കെതിരെ മോശം ആംഗ്യം കാണിച്ചതിനും റൊണാൾഡോക്ക് സൗദിയിൽ വിലക്ക് കിട്ടിയിരുന്നു. ലീഗ് കിരീടവും സൂപ്പർ കപ്പ് കിരീടവും നേടാൻ ആകില്ല എന്ന് ഉറപ്പായ അൽ നസറിനും റൊണാൾഡോക്കും ഈ ചുവപ്പ് കാർഡും വിലക്കും കൂടുതൽ തിരിച്ചടിയായി മാറുകയാണ്.