റൊണാൾഡോ vs മെസ്സി : നേട്ടങ്ങൾ ആർക്കെന്ന ചർച്ചകളുടെ കാലം കഴിഞ്ഞു, നിരാശയാർക്കെന്ന ചർച്ചകളുടെ സമയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇത്ര കാലവും ഒരോ സീസൺ അവസാനിക്കുമ്പോഴും ആരാണ് ലോകത്തെ ഒന്നാം നമ്പർ എന്ന ചോദ്യങ്ങളിൽ മെസ്സിയും റൊണാൾഡോയും ഒപ്പത്തിന് ഒപ്പം ഉണ്ടാവുമായിരുന്നു. അവരുടെ നേട്ടങ്ങൾ തിരിച്ചായിരുന്നു അപ്പോൾ യുദ്ധങ്ങൾ നടക്കാറ്. മെസ്സി ആ കിരീടം നേടി റൊണാൾഡോ ഈ കിരീടം നേടി എന്നുള്ള യുദ്ധങ്ങൾ. ബാൽ ഡി ഓർ ആർക്കെന്നുള്ള ചർച്ചകൾ പിന്നാലെ. എന്നാൽ ഈ സീസണിലെ മെസ്സി റൊണാൾഡോ വാക്ക്പോരുകളിൽ ഇരുവരുടെയും നിരാശകൾ പറഞ്ഞ് ആരാണ് മോശം എന്ന ചർച്ചകളിലേക്ക് കാര്യങ്ങൾ വഴി മാറുന്നതാണ് കാണുന്നത്.

രണ്ട് താരങ്ങൾക്കും ക്ലബ് തലത്തിൽ ഇത് വലിയ മാറ്റങ്ങളുടെ സീസൺ ആയിരുന്നു. ബാഴ്സലോണ വിട്ട് മെസ്സി പി എസ് ജിയിലേക്കും യുവന്റസ് വിട്ട് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കും. രണ്ട് കളർഫുൾ നീക്കങ്ങൾ. പി എസ് ജിയിലേക്ക് മെസ്സി എത്തിയത് തന്റെ എല്ലാമെല്ലായിരുന്ന ബാഴ്സലോണ വിട്ടായിരുന്നു. മെസ്സിയുടെ ബാഴ്സലോണ അല്ലാത്ത ആദ്യ ക്ലബ്. സൂപ്പർ താരങ്ങളുടെ വലിയ നിരയുള്ള പി എസ് ജിയിൽ മെസ്സി കൂടെ എത്തുന്നതോടെ അവർ ലോക ഫുട്ബോളിനെ കീഴടക്കുമെന്നൊക്കെ ആയിരുന്നു പ്രവചനങ്ങൾ.20220424 021922

എമ്പപ്പെ നെയ്മർ മെസ്സി എന്ന ത്രയം ലോക ഫുട്ബോൾ അടക്കി ഭരിക്കും എന്നും എല്ലാവരും കരുതി. പക്ഷെ മെസ്സിയുടെ വരവ് ഫ്രാൻസിൽ ഒരു അത്ഭുതങ്ങളും ഉണ്ടാക്കിയില്ല. മെസ്സി തന്റെ കരിയറിലെ തന്നെ ഏറ്റവും നിരാശയാർന്ന സീസണിലൂടെ കടന്നു പോയി. ഇതുവരെ ആകെ നേടിയത് നാല് ലീഗ് ഗോളുകൾ. ആകെ ഒമ്പത് ഗോളുകൾ. പി എസ് ജിയിൽ എമ്പപ്പെ തന്നെ ആയി എല്ലാത്തിലും ഒന്നാമൻ. മെസ്സി രണ്ടാമനാവാൻ പോലും ആകാതെ നിറം മങ്ങി. നൽകിയ അസിസ്റ്റുകൾ മാത്രമാകും മെസ്സിയുടെ ആശ്വാസം. പിന്നെ ഫ്രഞ്ച് ലീഗ് നേടിയ ഗോൾ തന്റെയാണെന്നതും. അതിനപ്പുറം മെസ്സി വന്നത് കൊണ്ട് ചാമ്പ്യൻസ് ലീഗിലോ ഫ്രഞ്ച് കപ്പിലോ പി എസ് ജിക്ക് വലിയ ഗുണങ്ങൾ ഉണ്ടായില്ല.

Img 20210910 233251
Credit: Twitter

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള വരവ് മെസ്സിയുടെ പി എസ് ജിയിലേക്കുള്ള യാത്ര പോലെ തന്നെ ആഘോഷിക്കപ്പെട്ടതാണ്. ഒലെയുടെ കീഴിൽ പ്രതീക്ഷകൾ നൽകി വന്നിരുന്ന ഒരു ടീമിലേക്ക് റൊണാൾഡോ കൂടെ എത്തുന്നതോടെ യുണൈറ്റഡ് കിരീടങ്ങൾ നേടി തുടങ്ങും എന്ന് കരുതപ്പെട്ടിരുന്ന യുണൈറ്റഡ് ഇപ്പോൾ കോൺഫറൻസ് ലീഗിൽ കളിക്കേണ്ടി വരുമോ എന്ന ഭീതിയിൽ നിൽക്കുകയാണ്.

റൊണാൾഡോ ശ്രദ്ധാ കേന്ദ്രമായ സീസണിൽ യുണൈറ്റഡിന് തൊട്ടതെല്ലാം പിഴക്കുന്നതാണ് കണ്ടത്. രണ്ട് പരിശീലകർ വന്ന് ശ്രമിച്ചിട്ടും മാഞ്ചസ്റ്റർ ഒരടി മുന്നോട്ട് പോയില്ല. ഡേവിഡ് മോയ്സിന്റെ കീഴിലെ സീസണേക്കാൾ മോശമൊരു സീസണിലേക്കാണ് യുണൈറ്റഡ് ഇപ്പോൾ പോകുന്നത്. ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ എല്ലാ കപ്പുകളിൽ നിന്നും വേഗം തന്നെ പുറത്തായ യുണൈറ്റഡ് ടോപ് 4 പ്രതീക്ഷ പോലും ഇല്ലാതെ വിഷമിക്കുകയാണ്. ഇതിന്റെ എല്ലാം പഴി റൊണാൾഡോയിലേക്ക് എത്തുന്നുണ്ട്.

റൊണാൾഡയുടെ വരവ് ടീമിന്റെ താളം തെറ്റിച്ചു എന്നും ഡ്രസിംഗ് റൂമിലെ സമാധാനം നഷ്ടപ്പെടുത്തി എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എങ്കിലും റൊണാൾഡോയുടെ വ്യക്തിഗത പ്രകടനം ഈ വിമർശനങ്ങൾക്ക് മീതെ നിൽക്കുന്നുണ്ട്. ഈ സീസണിൽ യുണൈറ്റഡിന്റെ ടോപ് സ്കോറർ റൊണാൾഡോ തന്നെയാണ്. രണ്ട് ഹാട്രിക്കുകൾ ഉൾപ്പെടെ 22 ഗോളുകൾ. ചാമ്പ്യൻസ് ലീഗിൽ യുണൈറ്റഡ് ആകെ നേടിയ 12 ഗോളുകളിൽ 6ഉം റൊണാൾഡോ ആയിരുന്നു നേടിയത്. ഇപ്പോൾ തന്നെ ലീഗിലെ അവസാന എട്ടു ഗോളുകളിൽ ഏഴും റൊണാൾഡോയുടെ ബൂട്ടിൽ നിന്നായിരുന്നു.

പ്രീമിയർ ലീഗിൽ തന്റെ 37ആം വയ്യസ്സിൽ വന്ന് 16 ഗോളുകൾ നേടി മികച്ച മൂന്നാമത്തെ ഗോൾ സ്കോറർ ആയി നിൽക്കുന്നത് റൊണാൾഡോയുടെ നേട്ടം തന്നെ. എന്നാൽ കിരീടങ്ങൾ നേടാൻ ആകാത്ത യുണൈറ്റഡ് ഏറെ പിറകിലേക്ക് പോയ ഈ സീസണെ നേട്ടമായി റൊണാൾഡോ തന്നെ കണക്കാക്കുമോ എന്നത് സംശയമാണ്.

ഗ്രേറ്റസ്റ്റ് ഓഫ് ആൾ ടൈം ആയി അറിയപ്പെടുന്ന രണ്ട് താരങ്ങൾ അവരുടെ കരിയറിന്റെ അസ്തമനത്തിലേക്ക് കടക്കുകയാണ് എന്ന സൂചനയായിരുന്നു ഈ സീസൺ. എന്നാൽ ഒരിക്കലും വിട്ടു കൊടുക്കാത്ത മനോഭാവമുള്ള ഇരുവരുടെയും ലാസ്റ്റ് ഡാൻസ് കാണാനാകുമെന്ന പ്രതീക്ഷ ഇപ്പോഴും ഫുട്ബോൾ പ്രേമികളിൽ ബാക്കിയുമുണ്ട്.