ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു റെക്കോർഡ് കൂടെ ലയണൽ മെസ്സി സ്വന്തമാക്കി. യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിലെ എക്കാലത്തെയും മുൻനിര ഗോൾ സ്‌കോററായി ലയണൽ മെസ്സി ഇന്ന് തന്റെ പേര് ഫുട്ബോൾ ചരിത്ര പുസ്തകങ്ങളിൽ രേഖപ്പെടുത്തി. അർജന്റീനിയൻ മാസ്ട്രോ 496 ഗോളുകൾ എന്ന റെക്കോർഡിൽ ആണ് ഇന്ന് എത്തിയത്. പി എസ് ജിയുടെ കിരീടം ഉറപ്പിച്ച് കൊടുത്ത ഗോൾ കൂടിയായി ഈ 496ആം ഗോൾ മാറി.
പി എസ് ജിയിലും ബാഴ്സലോണയിലുമായാണ് മെസ്സി ഈ ഗോളുകൾ നേടിയത്. 626 മത്സരങ്ങളിൽ നിന്ന് 495 ഗോളുകൾ ആണ് റൊണാൾഡോ നേടിയത്. മെസ്സി 496 ഗോളിൽ എത്താൻ 577 മത്സരങ്ങൾ മാത്രമെ എടുത്തുള്ളൂ. ഇത് മാത്രമല്ല മെസ്സി ഇന്നത്തെ കിരീട നേട്ടത്തോടെ 43 കിരീടങ്ങളുമായി ഏറ്റവും കൂടുതൽ കിരീടം നേടുന്ന ഫുട്ബോൾ താരമായും മാറി.