മുൻ ലെസ്റ്റർ സിറ്റി പരിശീലകൻ ക്ലോഡിയോ റനിയേരി പരിശീലക റോളിൽ ഉടൻ തിരിച്ചെത്തിയേക്കും. ആഫ്രിക്കൻ രാജ്യമായ ഗിനിയയുടെ പരിശീലക സ്ഥാനത്തേക്ക് റനിയേരി എത്തുന്നു എന്നാണ് അഭ്യൂഹങ്ങൾ. ആഫ്രിക്കൻ നാഷൺസ് കപ്പിനു ശേഷം പരിശീലകൻ ഇല്ലാതെ നിൽക്കുകയാണ് ഗിനിയ. ആഫ്രിക്കൻ നാഷൺസ് കപ്പിലെ നിരാശയാർന്ന പ്രകടനം കാരണം പോൾ പുട്ടിനെ ഗിനിയ പുറത്താക്കിയിരുന്നു.
67കാരനായ റനിയേരി കഴിഞ്ഞ സീസണിൽ റോമയുടെ പരിശീലകൻ ആയിരുന്നു. അവസാനമായി 2014ൽ ആണ് അദ്ദേഹൻ ഒരു രാജ്യത്തെ പരിശീലിപ്പിച്ചത്. അന്ന് ഗ്രീസിന്റെ ചുമതലയേറ്റ അദ്ദേഹം വെറും നാലു മത്സരങ്ങൾ കൊണ്ട് രാജിവെച്ചിരുന്നു. മുമ്പ് ലെസ്റ്റർ സിറ്റിയെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരാക്കിയ റനിയേരി പല പ്രമുഖ ക്ലബുകളുടെയും പരിശീലകൻ ആയിട്ടുണ്ട്. ചെൽസി, ഇന്റർ മിലാൻ, നാപോളി, അത്ലറ്റിക്കോ മാഡ്രിഡ് എന്നീ ക്ലബുകൾക്കായൊക്കെ അദ്ദേഹം തന്ത്രങ്ങൾ ഒരുക്കിയിട്ടുണ്ട്.