ഫുട്‌ബോളിനു നാണക്കേട് ആയി വീണ്ടും വംശീയ അധിക്ഷേപം, ഇത്തവണ പോർച്ചുഗല്ലിൽ നിന്ന്

- Advertisement -

സമീപകാലത്ത് യൂറോപ്യൻ ഫുട്‌ബോളിൽ വംശീയ അധിക്ഷേപങ്ങളുടെ വാർത്തകൾ കൂടി വരുകയാണ്. പല ക്ലബുകൾക്കും എതിരെയും ആരാധകർക്ക് എതിരെയും നടപടികൾ എടുക്കാൻ മാത്രമാണ് പലപ്പോഴും ഫുട്‌ബോൾ അധികാരികൾക്ക് സമയം. ഇറ്റാലിയൻ ഫുട്‌ബോൾ ഇങ്ങനെ വിവാദങ്ങൾ കൊണ്ട് സമീപകാലത്ത് ഒരുപാട് തവണയാണ് വാർത്തകളിൽ നിറഞ്ഞത്. അതേസമയം വീണ്ടും ഫുട്‌ബോളിനു നാണക്കേട് ആയി കളിക്കളത്തിൽ വീണ്ടും ഒരു താരം കൂടി വംശീയ അധിക്ഷേപത്തിനു വിധേയമായി. പോർച്ചുഗീസ് ക്ലബ് പോർട്ടോയുടെ താരം ആയ മൂസ മരേഗയാണ് ആരാധകരുടെ വംശീയ വെറിക്ക് ഇത്തവണ ഇരയായ താരം. 28 കാരൻ ആയ മാലി താരം വിക്ടോറിയ ഗുയിമാരെസുമായുള്ള മത്സരത്തിന് ഇടയിൽ ആണ് സങ്കടകരമായ അവസ്ഥയിലൂടെ കടന്ന് പോയത്.

പോർട്ടോ 2-1 നു ജയിച്ച മത്സരത്തിൽ 60 താമത്തെ മിനിറ്റിൽ വിജയ ഗോൾ നേടിയ ശേഷമാണ് ക്രൂരമായ വംശീയ വെറിക്ക് ഇരയായത്. മത്സരത്തിന്റെ തുടക്കം മുതൽ തങ്ങളുടെ മുൻ താരം കൂടിയായ മൂസയെ അധിക്ഷേപിച്ച് തുടങ്ങിയിരുന്നു വിക്ടോറിയ ആരാധകർ. എന്നാൽ താരം ഗോൾ നേടിയ ശേഷം ഇത് കടുത്തു. കുരങ്ങിന്റെ ശബ്ദവും താരത്തിന് എതിരെ മോശം പദങ്ങളും ഗാലറിയിൽ നിന്ന് ഉയർന്നു കേട്ടു. ഇതോടെ സകല ക്ഷമയും നഷ്ടമായ മൂസ 69 മിനിറ്റിൽ മത്സരം സ്വയം മതിയാക്കി കളം വിടാൻ തീരുമാനിച്ചു. താരത്തെ തടയാൻ സഹതാരങ്ങൾ ശ്രമിച്ചു എങ്കിലും കളത്തിൽ തുടരാൻ താരം തയ്യാറാകാതിരുന്നതോടെ താരത്തെ പിൻവലിക്കാൻ പോർട്ടോ പരിശീലകൻ നിർബന്ധിതമായി. ഗാലറിയിക്ക് നേരെ നെടു വിരൽ ഉയർത്തി കാണിച്ച താരം തന്റെ ദേഷ്യം കളത്തിൽ പ്രകടിപ്പിക്കാനും മറന്നില്ല. പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ തന്റെ നിരാശ പങ്ക് വച്ച താരം വംശീയ അധിക്ഷേപങ്ങൾ നടത്തുന്നവർ വിഡ്ഢികൾ ആണെന്നും പ്രതികരിച്ചു.

തനിക്ക് മഞ്ഞ കാർഡ് നൽകിയ റഫറിയേയും വിമർശിച്ച താരം വംശീയ വെറിയന്മാർ ആയ കാണികൾ നാണക്കേട് ആണെന്ന് തുറന്ന് അടിച്ചു. ഇനി ഒരിക്കലും ഇത്തരക്കാരെ തനിക്ക് ഫുട്‌ബോൾ കളത്തിൽ കാണാതിരിക്കട്ടെ എന്ന പ്രത്യാശയും താരം പങ്ക് വച്ചു. വളരെ ദൗർഭാഗ്യകരമായ സംഗതി ആണ് നടന്നത് എന്ന് പ്രതികരിച്ച പോർട്ടോ പരിശീലകൻ സെർജിയോ ഏത് രാജ്യക്കാരനാണെങ്കിലും, തൊലി നിറം ഏതായാലും എല്ലാവരും മനുഷ്യർ ആണെന്നും ഒരേ കുടുംബം ആണെന്നും ഓർമ്മിപ്പിച്ചു. കൂടാതെ എല്ലാവരും ബഹുമാനം അർഹിക്കുന്നുണ്ട് എന്നും അദ്ദേഹം പ്രതികരിച്ചു. പോർച്ചുഗീസ് ഫുട്‌ബോളിനും വിക്ടോറിയ ക്ലബിനും ഏറ്റവും നാണക്കേട് ആയ ദിനം എന്നായിരുന്നു പോർട്ടോ ഇതിനോട് പ്രതികരിച്ചത്. 2016-17 സീസണിൽ വിക്ടോറിയക്ക് ആയി വായ്‌പ്പാ അടിസ്‌ഥാനത്തിൽ കളിച്ച മൂസ 25 കളികളിൽ 15 ഗോളുകൾ നേടിയ താരം കൂടിയാണ്. യൂറോപ്പിൽ വളർന്ന് വരുന്ന വംശീയ വെറിയുടെ മറ്റൊരു ഉദാഹരണം കൂടിയായി പോർട്ടോ താരത്തിന്റെ ഈ ദുരനുഭവം. ഇതിനെതിരെ പോർച്ചുഗീസ് ഫുട്‌ബോൾ അസോസിയേഷൻ എന്ത് നടപടി സ്വീകരിക്കും എന്നാണ് ഇനി അറിയേണ്ടത്. ഒരിക്കൽ കൂടി വർണ്ണ വെറിയന്മാർ ആയ ആരാധകരാൽ ഫുട്‌ബോൾ നാണക്കേടിന്റെ വിചാരണ നേരിടുകയാണ് എന്നത് സങ്കടകരമായ വസ്തുത ആണ്.

Advertisement