പി എസ് ജി ഒരിക്കൽ കൂടെ ഫ്രഞ്ച് ലീഗ് കിരീടം ഉയർത്തി. ഇന്ന് സ്റ്റ്രാസ്ബർഗിനെ സമനിലയിൽ പിടിച്ചതോടെയാണ് പി എസ് ജി കിരീടം ഉറപ്പിച്ചത്. പി എസ് ജിക്ക് ഇന്ന് സമനില മതിയായിരുന്നു കിരീടം നേടാൻ. ഇന്ന് ലയണൽ മെസ്സി നേടിയ ഏക ഗോളിന്റെ ബലത്തിലാണ് പി എസ് ജി കിരീടം നേടിയത്. രണ്ടാം പകുതിയിലായിരുന്നു മെസ്സിയുടെ ഗോൾ വന്നത്. കളി 1-1 എന്ന നിലയിൽ അവസാനിച്ചു.
രണ്ടാമതുള്ള ലെൻസിന് ഇനി ശേഷിക്കുന്ന മത്സരം വിജയിച്ചാലും പി എസ് ജിക്ക് ഒപ്പം എത്താൻ ആവില്ല. ഒരു മത്സരം ഇനിയും ലീഗിൽ ബാക്കിയിരിക്കെ ആണ് ഫ്രഞ്ച് ലീഗ് കിരീടം പി എസ് ജി സ്വന്തമാക്കിയത്. ചാമ്പ്യൻസ് ലീഗിലടക്കം ബാക്കി ടൂർണമെന്റുകളിൽ ഒക്കെ കാലിടറിയ പി എസ് ജിക്ക് ഈ കിരീടം ആശ്വാസകരമാകും.
37 മത്സരങ്ങളിൽ നിന്ന് 85 പോയന്റാണ് പി എസ് ജിക്ക് ഉള്ളത്. രണ്ടാമതുള്ള ലെൻസിന് 81 പോയന്റും. പി എസ് ജിക്ക് ഇത് പതിനൊന്നാം ഫ്രഞ്ച് ലീഗ് കിരീടമാണ്. അവസാന പതിനൊന്ന് വർഷങ്ങൾക്കിടയിൽ ആണ് ഇതിൽ 9 ലീഗ് കിരീടവും പി എസ് ജി സ്വന്തമാക്കിയത്. ഇതിനു മുമ്പ് 1985-86, 1993-94, 2012-13, 2013-14, 2014-15, 2015-16, 2017-18, 2018-19, 2019-20, 2021-22 സീസണുകളിലാണ് പി എസ് ജി കിരീടം നേടിയിട്ടുള്ളത്.
ഈ കിരീട നേട്ടത്തോടെ സെന്റ് എറ്റിയനെ മറികടന്ന് ഫ്രാൻസിൽ ഏറ്റവും കൂടുതൽ ലീഗ് കിരീടം നേടിയ ടീമായി പി എസ് ജി മാറി.