തരംതാഴ്ത്തൽ ഭീഷണി ഒഴിവാക്കാൻ വിജയം മാത്രം ലക്ഷ്യമിട്ട് ഇറങ്ങിയ എവർടണ് വോൾവ്സിനെതിരെ ആശ്വാസ സമനില. മത്സരത്തിന്റെ ഭൂരിഭാഗം സമയവും ഹ്വാങ് നേടിയ ഗോളിൽ ലീഡ് നിലനിർത്തിയ വോൾവ്സിന്റെ ഹൃദയം തകർത്ത് കൊണ്ട് ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം യാരി മിന നേടിയ ഗോളിൽ എവർടൻ സമനില നേടുകയായിരുന്നു. ഇപ്പോഴും തരംതാഴ്‌ത്തൽ ഭീഷണി നേരിടുന്നുണ്ടെങ്കിലും എതിർ തട്ടകത്തിൽ നേടിയ ഇന്നത്തെ ഒരു പോയിന്റ് വരും സീസണിലെ എവർടണിന്റെ ഭാഗദേയം നിർണയിക്കാൻ പോന്നതായി. സമനില വഴങ്ങിയ വോൾവ്സ് പതിമൂന്നാം സ്‌ഥാനത്ത് തുടരുകയാണ്.
എതിർ തട്ടകത്തിൽ എവർടൻ മികച്ച രീതിയിൽ തന്നെ മത്സരം ആരംഭിച്ചു. കാൾവെർട് ലൂയിനിലൂടെ ചില അവസരങ്ങൾ തുറന്നെടുക്കാൻ അദ്ദേഹത്തിനായി. മൂന്നാം മിനിറ്റിൽ തന്നെ ഫ്രീകിക്കിലൂടെ എത്തിയ അവസരത്തിൽ താരത്തിന്റെ ശ്രമം സൈഡ് നെറ്റിൽ അവസാനിച്ചു. ഇവോബിയുടെ പാസിൽ കാൾവെർട് ലൂയിന്റെ ശ്രമം ബാറിന് മുകളിലൂടെ കടന്ന് പോയി. ഇവോബിയുടെ ഹെഡർ ശ്രമവും ലക്ഷ്യം കണ്ടില്ല. പിന്നീട് എവർടണിന്റെ ശ്രമങ്ങൾ കോർണർ വഴങ്ങി വോൾവ്സ് തടുത്തു. എന്നാൽ മത്സരഗതിക്ക് എതിരായി കൊണ്ട് മുപ്പത്തിനാലാം മിനിറ്റിൽ വോൾവ്സ് ലീഡ് എടുത്തു. എവർടന്റെ ഒരു നീക്കം തടഞ്ഞു തിരിച്ചെടുത്ത പന്തുമായി സ്വന്തം ബോക്സിന് വെളിയിൽ നിന്നും എതിർ ബോക്‌സ് വരെ കുതിച്ച് ട്രാവോറെ തൊടുത്ത ഷോട്ട് പിക്ഫോർഡ് തടുത്തിപ്പോൾ കൃത്യസ്ഥാനത്ത് എത്തിയ ഹ്വാങ് ലക്ഷ്യം കാണുകയായിരുന്നു. ഇതോടെ ഊർജം വീണ്ടെടുത്ത വോൾവ്സ് പിറകെ അവസരങ്ങൾ സൃഷ്ടിച്ചു. ട്രാവോറെയുടെ തന്നെ മറ്റൊരു ശ്രമം പിക്ഫോർഡ് കൈക്കലാക്കി. ആദ്യ പകുതി അവസാനിക്കാൻ ഇരിക്കെ കാൾവെർട് ലൂയിൻ പരിക്കേറ്റു തിരിച്ചു കയറിയത് എവർടന് കനത്ത തിരിച്ചടി ആയി. നേരത്തെ സിറ്റിക്കെതിരെയും താരം ആദ്യ പകുതിയിൽ കളം വിട്ടിരുന്നു.
രണ്ടാം പകുതിയിൽ എവർടൻ സമനില ഗോളിനായുള്ള ശ്രമങ്ങൾ തുടർന്നു. ഗ്രെയുടെ ക്രോസിൽ ഇവോബിക്ക് ടച്ച് നൽകാൻ സാധിച്ചില്ല. പിന്നീട് സെമെഡോയിലൂടെ വോൾവ്സ് കുറച്ചു മുന്നേറ്റങ്ങൾ മേനഞ്ഞെടുത്തു. ഇരു ടീമുകളും ഒരുപിടി അവസരങ്ങൾ രണ്ടാം പകുതിയിൽ തുലച്ചു. ന്യൂനസിന്റെ മികച്ചൊരു ഷോട്ട് സേവ് ചെയ്ത് പിക്ഫോർഡ് എവർടണിന്റെ രക്ഷക്കെത്തി. ഒൻപത് മിനിറ്റിന്റെ നീണ്ട ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ ഗ്രെ, എതിർ ബോക്സിലേക്ക് ഉയർത്തി നൽകിയ പന്ത് ആണ് സമനില ഗോളിൽ കലാശിച്ചത്. കൂട്ടപ്പോരിച്ചിലിനോടുവിൽ പന്ത് കീനിലൂടെ യാരി മിനയിലേക്ക് എത്തിയപ്പോൾ പൊസിറ്റിന് തൊട്ടു മുൻപിൽ നിന്നും താരം വലകുലുക്കി. നിലവിൽ റെലഗെഷൻ സോണിൽ നിന്നും രണ്ടു പോയിന്റ് മാത്രം മുകളിൽ ആണെങ്കിലും അടുത്ത മത്സരം സ്വന്തം തട്ടകത്തിൽ ബേൺമൗത്തിനെതിരെ ആണെന്നത് ഷോൻ ഡൈഷിനും ടീമിനും ആശ്വാസം നൽകും.