റൂബൻ നെവസിന്റെ സ്ക്രീമർ!! പോഗ്ബയുടെ പെനാൾട്ടി മിസ്സ്!! വോൾവ്സിൽ മാഞ്ചസ്റ്ററിന് സമനില

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരിക്കൽ കൂടെ വോൾവ്സിനെതിരെ നിരാശ മാത്രം. കഴിഞ്ഞ സീസണിൽ മൂന്ന് തവണ ഏറ്റുമുട്ടിയിട്ടും വോൾവ്സിനെ തോൽപ്പിക്കാൻ കഴിയാതിരുന്ന യുണൈറ്റഡിന് ഇന്നും അത് തന്നെ വിധി. ഇന്ന് വോൾവ്സിന്റെ ഹോമിൽ നടന്ന മത്സരത്തിൽ 1-1 എന്ന സമനില ആണ് യുണൈറ്റഡ് വഴങ്ങിയത്. പോൾ പോഗ്ബ ഒരു പെനാൾട്ടി നഷ്ടപ്പെടുത്തിയതാണ് യുണൈറ്റഡിന് വിനയായത്.

മത്സരം മികച്ച രീതിയിൽ തുടങ്ങിയ യുണൈറ്റഡ് തന്നെ ആയിരുന്നു ആദ്യ പകുതിയിൽ കളി നിയന്ത്രിച്ചത്. ആദ്യ പകുതിയിൽ മാർഷ്യലിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഡും ലഭിച്ചു. റാഷ്ഫോർഡിന്റെ പാസിൽ നിന്നായിരുന്നു മാർഷ്യലിന്റെ ഗോൾ. പക്ഷെ രണ്ടാം പകുതിയിൽ കളി മാറി. ട്രയോരെ സബ്ബായി എത്തിയതോടെ വോൾവ്സ് തുടരാക്രമണങ്ങൾ നടത്തി. കളിയുടെ 55ആം മിനുട്ടിൽ റുബെൻ നെവെസ് ആണ് വോൾവ്സിനെ ഒപ്പം എത്തിച്ചത്.

ബോക്സിന് പുറത്ത് നിന്ന് തൊടുത്ത ഒരു ഗംഭീര സ്ട്രൈക്ക് പോസ്റ്റിന് ഉരുമ്മി സുന്ദരമായി വലയിൽ എത്തി. അതിനു ശേഷം ഇരു ടീമുകളും വിജയത്തിനായി പൊരുതി. ലീഡ് തിരികെ നേടാൻ യുണൈറ്റഡിന് 68ആം മിനുട്ടിൽ സുവർണ്ണാവസരം ലഭിച്ചു. പോഗ്ബ നേടിയ പെനാൾട്ടി പക്ഷെ എടുത്തപ്പോൾ ഫ്രഞ്ച് താരത്തിന് പിഴച്ചു. റൂയി പട്രീസിയോ സേവ് ചെയ്ത് ആ പെനാൾട്ടി രക്ഷപ്പെടുത്തി. അതോടെ വിജയിക്കാൻ എന്നുള്ള യുണൈറ്റഡ് ആഗ്രഹം പൊലിഞ്ഞു. ഒലെയ്ക്ക് കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞ ഫെബ്രുവരിയിലാണ് അവസാനമായി ഒരു എവേ മത്സരം വിജയിച്ചത്.

Previous articleമാർഷ്യലിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ 50 ഗോളുകൾ!!
Next articleജയ്പൂർ പിങ്ക്പാന്തേഴ്സിനെ അട്ടിമറിച്ചു യൂപി യോദ്ധ