വോൾവ്സ് വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്ത്തി, വിനയായത് ചുവപ്പും സെൽഫ് ഗോളും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഒലെ ഗണ്ണാർ സോൾഷ്യാർ രണ്ടാഴ്ചക്കിടെ രണ്ടാം തവണ വോൾവ്സിന് മുന്നിൽ വീണു. കഴിഞ്ഞ ആഴ്ച എഫ് എ കപ്പിൽ ആയിരുന്നു എങ്കിൽ ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ. വാശിയേറിയ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വോൾവ്സ് വിജയിച്ചത്. ഒരു ചുവപ്പ് കാർഡും ഒരു സെൽഫ് ഗോളുമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് വിനയായത്.

എഫ് എ കപ്പിൽ വോൾവ്സിനെതിരെ പുറത്തെടുത്തതിനേക്കാൾ നല്ല മത്സരമായിരുന്നു ഇന്ന് യുണൈറ്റഡ് കാഴ്ചവെച്ചത്. അറ്റാക്ക് ചെയ്ത് കൊണ്ട് തുടങ്ങി മാഞ്ചസ്റ്റർ കളി തുടങ്ങി അധികം താമസിയാതെ മക്ടോമിനെയിലൂടെ ലീഡ് എടുത്തു. മക്ടോമിനെയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിനായുള്ള സീനിയർ കരിയറിലെ ആദ്യ ഗോളായിരുന്നു ഇത്. 25ആം മിനുട്ടിൽ ആ ഗോളിന് പകരം കണ്ടെത്താൻ വോൾവ്സിനായി.

മാഞ്ചസ്റ്ററിന്റെ മധ്യനിര താരം ഫ്രെഡിന്റെ കാലി നിന്ന് പന്ത് നഷ്ടമായത് മുതലെടുത്ത് ജോട ആണ് വോൾവ്സിന് സമനില ഗോൾ നേടിക്കൊടുത്തത്. കളി രണ്ടാം പകുതിയിൽ വീണ്ടും യുണൈറ്റഡിന്റെ ആധിപത്യത്തിലേക്ക് വന്നെങ്കിലും ആഷ്ലി യംഗ് ചുവപ്പ് കണ്ട് പുറത്ത് പോയതോടെ യുണൈറ്റഡ് വലഞ്ഞു. അഞ്ചു മിനുട്ടുകൾക്ക് ഇടയിൽ രണ്ട് മഞ്ഞക്കാർഡ് വാങ്ങിയാണ് യങ്ങ് കളത്തിന് പുറത്ത് എത്തിയത്.

പത്ത് പേരായി ചുരുങ്ങിയ യുണൈറ്റഡിനെതിരെയും വോൾവ്സ് ഗോൾ കണ്ടെത്താൻ കഷ്ടപ്പെട്ടപ്പോൾ ആണ് സ്മാളിംഗ് സെൽഫ് ഗോൾ നേടുന്നത്. രണ്ടാം പകുതിയിൽ ഒരു ഷോട്ട് പോലും ടാർഗറ്റിൽ ഇല്ലാതിരുന്ന വോൾവ്സിന് ജയം ഉറപ്പിച്ചു കൊടുക്കുക ആയിരുന്നു സ്മാളിംഗിന്റെ ആ സെൽഫ് ഗോൾ. ഇന്നത്തെ തോൽവിയോടെ യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യതാ പ്രതീക്ഷ മങ്ങി.