ത്രില്ലർ പോരാട്ടത്തിൽ വോൾവ്സിനെ വീഴ്ത്തി ലീഡ്സ് റിലഗേഷൻ സോണിൽ നിന്നും പുറത്തേക്ക്

Nihal Basheer

20230318 221930

ആറു ഗോളുകളും രണ്ടു ചുവപ്പ് കാർഡുകളും കണ്ട
ത്രില്ലർ പോരാട്ടത്തിൽ വോൾവ്സിന്റെ വെല്ലുവിളി മറികടന്ന് ലീഡ്സിന് നിർണായക വിജയം. ഹാരിസണും ആയ്ലിങും ക്രിസ്റ്റൻസനും റോഡ്രിഗോയും ലീഡ്സിനായി ഗോൾ കണ്ടെത്തിയപ്പോൾ ജോണിയും കുഞ്ഞയും വോൾവ്സിന്റെ ആശ്വാസ ഗോളുകൾ നേടി. വിജതോടെ 26 പോയിന്റ് ആയ ലീഡ്സ് 14ആം സ്ഥാനത്തേക്ക് ഉയർന്നു. വോൾവ്സ് 13 ആമതാണ്.

20230318 221934

എതിർ തട്ടകത്തിൽ തുടക്കം മുതൽ കനത്ത സമ്മർദ്ദം ചെലുത്തിയ ലീഡ്സ് ആറാം മിനിറ്റിൽ തന്നെ ലീഡ് എടുക്കുന്നത് കണ്ടാവും മത്സരം ഉണർന്നത്. ഇടത് വിങ്ങിൽ നിന്നും ഗ്നോൻടോ മികച്ചൊരു നീക്കമുമായി ബോക്സിലേക്ക് കയറി പോസ്റ്റിന് മുന്നിലേക്ക് ഹാരിസണ് പന്ത് കൈമാറിയപ്പോൾ താരം അനായാസം ഗോൾ കണ്ടെത്തി. തൊട്ടു പിറകെ ഫിർപോ സെമെഡോയെ ഫൗൾ ചെയ്തതിന് ആതിഥേയർ പെനൽറ്റിക്കായി മുറവിളി കൂടിയെങ്കിലും റഫറി അനുവദിച്ചില്ല. പിന്നീട് ലീഡ്സിന്റെ നീക്കങ്ങൾക്ക് തടയിടാൻ വോൾവ്സ് പന്ത് കൂടുതൽ കൈവശം വെച്ചെങ്കിലും എതിർ ഗോളിയെ കാര്യമായി പരീക്ഷിക്കാൻ സാധിച്ചില്ല. പതിയെ താളം കണ്ടെത്തിയ വോൾവ്സ്, 27ആം മിനിറ്റിൽ സെമെഡോയുടെ മികച്ചൊരു ഷോട്ടിലൂടെ ഗോളിന് അടുത്തെത്തിയെങ്കിലും വോബർ തടുത്തു. പിന്നീട് നെവെസിന്റെ ഷോട്ടും ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലേമിന പന്ത് വലയിൽ എത്തിച്ചെങ്കിലും ഓഫ് സൈഡ് വോൾവ്സിന് തിരിച്ചടി ആയി. എന്നാൽ 49ആം മിനിറ്റിൽ ലീഡ്സ് ലീഡ് ഉയർത്തി. റോക്കയുടെ കോർണറിൽ വോൾവ്സ് പ്രതിരോധത്തിന് അമ്പേ പിഴച്ചപ്പോൾ സെക്കന്റ് പോസ്റ്റിലേക്ക് ഓടിക്കയറി തികച്ചും മാർക്ക് ചെയ്യപ്പെടാതെ നിന്ന ആയ്ലിങ് ഹെഡറിലൂടെ പന്ത് വലയിൽ എത്തിച്ചു. എങ്കിലും തളരാതെ വോൾവ്സ് തിരിച്ചടിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി. 58ആം മിനിറ്റിൽ സറാബിയയുടെ ഷോട്ട് ഗോളിൽ നിന്നും അകന്ന് പോയി. 63 ആം മിനിറ്റിൽ കളത്തിൽ എത്തി സെക്കന്റുകൾ മാത്രം പിന്നിട്ട ക്രിസ്റ്റൻസനിലൂടെ ലീഡ്സ് മൂന്നാം ഗോളും കണ്ടെത്തി. മൂന്ന് മിനിറ്റിനു ശേഷം ജോണി കാസ്ട്രോയുടെ അത്ഭുത ഗോളിൽ വോൾവ്സ് ആദ്യ ഗോൾ കണ്ടെത്തി. പന്ത് ക്ലിയർ ചെയ്യാൻ മേസ്ലിയർ ബോക്‌സ് വിട്ടിറങ്ങിയ അവസരത്തിൽ നാൽപതോളം വാര അകലെ നിന്ന് താരം ഉയർത്തി വിട്ട ഷോട്ട് വലയിൽ തന്നെ പതിച്ചു. ഇതോടെ കരുത്തു വർധിച്ച വോൾവ്സ് അക്രമണം 73ആം മിനിറ്റിൽ വീണ്ടും വല കുലുക്കി. നെവെസിന്റെ ക്രോസ് നിയന്ത്രിച്ചു കുഞ്ഞാ തൊടുത്ത ഷോട്ട് വോബറുടെ കാലുകളിൽ തട്ടി ഡിഫ്‌ലക്ഷനോടെ പോസ്റ്റിലേക്ക് ഉരുണ്ടു കയറിപ്പോൾ കീപ്പർ നിസ്സഹായനായി നോക്കി നിന്നു. പിന്നീട് തിരിച്ചു വരാനുള്ള വോൾവ്സിന്റെ സ്വപ്നങ്ങൾക്ക് നൽകിക്കൊണ്ട് ജോണി ചുവപ്പ് കാർഡ് കണ്ടു പുറത്തു പോയി. ആളെണ്ണം വക വെക്കാതെ ഇഞ്ചുറി ടൈമിൽ ആതിഥേയർ സമനില ഗോളിനായി സമ്മർദ്ദം തുടർന്നെങ്കിലും ലീഡ്സ് പ്രതിരോധവും നിർഭാഗ്യവും വിലങ്ങു തടിയായി നിന്നു. ഇഞ്ചുറി ടൈമിൽ റോഡ്രിഗോയിലൂടെ ഇഞ്ചുറി ടൈമിന്റെ ഏഴാം മിനിറ്റിൽ ലീഡ്സ് നാലാം ഗോൾ നേടി. പിന്നീട് പ്രതിഷേധിച്ച സബ്സ്റ്റിറ്റ്യുട്ട് താരം ന്യുനസിനും ചുവപ്പ് കാർഡ് കണ്ടു.