പ്രീമിയർ ലീഗിൽ ആദ്യ ജയം സ്വന്തമാക്കി വോൾവ്‌സ്. ലീഗിൽ അവസാന സ്ഥാനത്ത് നിൽക്കുന്ന വാറ്റ്ഫോഡിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് മറികടന്നാണ് അവർ വിലപ്പെട്ട 3 പോയിന്റ് സ്വന്തമാക്കിയത്. ഇന്ന് വോൾവ്സ് ജയിച്ചതോടെ ലീഗിൽ ഒരു ജയം പോലുമില്ലാത്ത ഏക ടീം എന്ന നാണക്കേടും വാറ്റ്ഫോഡിന്റെ പേരിലായി.
കളിയുടെ പതിനെട്ടാം മിനുട്ടിൽ തന്നെ സാന്റോയുടെ ടീം ആദ്യ ഗോൾ സ്വന്തമാക്കി. ജോട്ടക്ക് പകരക്കാരനായി ആദ്യ ഇലവനിൽ ഇടം നേടിയ പെഡ്രോ നെറ്റോ നൽകിയ പാസ്സിൽ നിന്ന് മാറ്റ് ഡോഹെർത്തി ആണ് ഗോൾ നേടിയത്. 2 മിനിട്ടുകൾക്ക് ശേഷം വാറ്റ്ഫോഡിന് ഡെലഫെയുവിലൂടെ മികച്ച അവസരം ലഭിച്ചെങ്കിലും ഗോൾ പിറന്നില്ല.
രണ്ടാം പകുതി തുടങ്ങിയതോടെ വാറ്റ്ഫോഡ് സർവ്വ ശക്തിയുമായി ആക്രമിച്ചതോടെ വോൾവ്സിന് പ്രതിരോധത്തിലേക്ക് വലിയേണ്ടി വന്നു. പക്ഷെ കളിയുടെ ഒഴുക്കിന് വിപരീതമായി 61 ആം മിനുട്ടിൽ വോൾവ്സ് ലീഡ് രണ്ടാക്കി ഉയർത്തി. ഇത്തവണ വാട്ട്ഫോഡ് താരം യാൻമാതിന്റെ സെൽഫ് ഗോളാണ് അവരെ തുണച്ചത്. 71 ആം മിനുട്ടിൽ വെൽബെക്കിന്റെ മികച്ച ഷോട്ട് തട്ടിയകറ്റി പാട്രിസിയോ അവരുടെ ലീഡ് കാത്തു. ഇരു ടീമുകളും മികച്ചു നിന്നെങ്കിലും ഫിനിഷിങ്ങിൽ പുലർത്തിയ കൃത്യതയും ഭാഗ്യവും ഇത്തവണ വോൾവ്സിനെ തുണക്കുകയായിരുന്നു.