ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടു പരാജയങ്ങൾക്ക് ശേഷം ജയം കുറിച്ച് വെസ്റ്റ് ഹാം യുണൈറ്റഡ്. നോട്ടിങ്ഹാം ഫോറസ്റ്റിനെ അവരുടെ മൈതാനത്ത് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് വെസ്റ്റ് ഹാം തോൽപ്പിച്ചത്. ഗോൾ രഹിതം ആവും എന്നു കരുതിയ മത്സരത്തിൽ 84 മിനിറ്റിനു ശേഷമാണ് മൂന്നു ഗോളുകളും പിറന്നത്. പകരക്കാരനായി ഇറങ്ങിയ സമ്മർവില്ലിന്റെ പാസിൽ നിന്നു ഗോൾ നേടിയ ജെറാർഡ് ബോവൻ ആണ് വെസ്റ്റ് ഹാമിനു മുൻതൂക്കം നൽകിയത്.
തുടർന്ന് നാലു മിനിറ്റിനുള്ളിൽ സമ്മർവില്ലിനെ വീഴ്ത്തിയതിനു വെസ്റ്റ് ഹാമിനു പെനാൽട്ടിയും ലഭിച്ചു. ഇത് ലക്ഷ്യം കണ്ട ലൂക്കാസ് പക്വറ്റ അവരുടെ മുൻതൂക്കം ഇരട്ടിയാക്കി. 91 മത്തെ മിനിറ്റിൽ എൽ ഡിയോഫിന്റെ മികച്ച ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ മറ്റൊരു പകരക്കാരൻ കലം വിൽസൻ ആണ് വെസ്റ്റ് ഹാം ജയം പൂർത്തിയാക്കിയത്. ഈ സീസണിൽ ടീമിൽ എത്തിയ താരത്തിന്റെ ക്ലബിന് ആയുള്ള ആദ്യ ഗോൾ ആയിരുന്നു ഇത്.