ചെൽസിക്ക് പുതിയ സീസണിലെ ആദ്യ വിജയത്തിനായി ഇനിയും കാത്തിരിക്കണം. ചെൽസിയുടെ സൂപ്പർതാരനിരയെ 10 പേരുമായി പൊരുതി ഇന്ന് വെസ്റ്റ് ഹാം ഇന്ന് പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു വെസ്റ്റ് ഹാമിന്റെ വിജയം. അവസാന അര മണിക്കൂറോളം വെസ്റ്റ് ഹാം 10 പേരുമായാണ് കളിച്ചത്. ഇത് കൂടാതെ മത്സരത്തിൽ എൻസോ ഫെർണാണ്ടസ് ഒരു പെനാൾട്ടി നഷ്ടപ്പെടുത്തിയതും ചെൽസിക്ക് തിരിച്ചടിയായി.
ലണ്ടൺ സ്റ്റേഡിയത്തിൽ ചെൽസിക്ക് എതിരെ നന്നായി തുടങ്ങാൻ വെസ്റ്റ് ഹാമിനായി. ഏഴാം മിനുട്ടിൽ തന്നെ വെസ്റ്റ് ഹാം ലീഡ് എടുത്തു. അരങ്ങേറ്റം നടത്തുന്ന ജെയിംസ് വാർഡ്ബ്രോസിന്റെ ഫ്രീകിക്കിൽ നിന്ന് ഒരു ഹെഡറിലൂടെ അഗ്വേർഡ് ആണ് വെസ്റ്റ് ഹാമിന് ലീഡ് നൽകിയത്. ചെൽസി കളിയിലേക്ക് തിരികെവരാൻ ശ്രമങ്ങൾ നടത്തി.
28ആം മിനുട്ടിൽ യുവതാരം ചുകമേകയുടെ ഒരു മികച്ച ഫിനിഷ് ചെൽസിക്ക് സമനില നൽകി. ആദ്യ പകുതിയുടെ അവസാനം ഒരു പെനാൾട്ടിയിലൂടെ ലീഡ് എടുക്കാൻ ചെൽസിക്ക് അവസരം ലഭിച്ചു. പക്ഷെ പെനാൾട്ടി എടുത്ത എൻസോ ഫെർണാണ്ടസിന് പിഴച്ചു. അർജന്റീനിയൻ താരത്തിന്റെ കിക്ക് ഫ്രഞ്ച് ഗോൾ കീപ്പർ ആയ അരിയോള സേവ് ചെയ്തു. സ്കോർ 1-1ൽ തുടർന്നു.
രണ്ടാം പകുതിയിൽ വെസ്റ്റ് ഹാം മെച്ചപ്പെട്ട ഫുട്ബോൾ കളിച്ചു. 53ആം മിനുട്ടിൽ വാർഡ്പ്രോസിന്റെ പാസ് സ്വീകരിച്ച് മുന്നേറിയ അന്റോണിയോ ഒരു നല്ല ഫിനിഷിലൂടെ വെസ്റ്റ് ഹാമിന് ലീഡ് നൽകി. സ്കോർ 2-1. കളി വെസ്റ്റ് ഹാമിന്റെ നിയന്ത്രത്തിലേക്ക് വരികയാണെന്ന് തോന്നിപ്പിച്ച സമയത്ത് വെസ്റ്റ് ഹാം ഡിഫൻഡർ അഗ്വേർഡ് ചുവപ്പ് കാർഡ് വാങ്ങി പുറത്ത് പോയി.
പിന്നീട് 10 പേരുമായി കളിച്ച വെസ്റ്റ് ഹാം തീർത്തും പ്രതിരോധത്തിൽ ഊന്നിയാണ് കളിച്ചത്. പക്ഷെ എന്നിട്ടും വെസ്റ്റ് ഹാം പതറിയില്ല. 90 മിനുട്ടും അതിനപ്പുറം 6 മിനുട്ട് ഇഞ്ച്വറി ടൈമും കളിച്ച് വെസ്റ്റ് ഹാം വിജയം ഉറപ്പിച്ചു. 94ആം മിനുട്ടിൽ കൈസെദോ നൽകിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് പക്വേറ്റ വെസ്റ്റ് ഹാമിന്റെ മൂന്നാം ഗോളും വിജയവും ഉറപ്പിച്ചു.
2 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ചെൽസി 1 പോയിന്റിൽ നിൽക്കുകയാണ് ഇപ്പോൾ.