രണ്ടാം പകുതിയിൽ തിരിച്ചടിച്ച് വാറ്റ്ഫോർഡ്, ആഴ്സണലിന് നിരാശ

- Advertisement -

പുതിയ പരിശീലകന് കീഴിൽ വാറ്റ്ഫോർഡിന് ഗംഭീര തുടക്കം. ഇന്ന് ആഴ്സണലിനെ നേരിട്ട വാറ്റ്ഫോർഡ് വമ്പൻ തിരിച്ചുവരവിലൂടെ സമനില നേടി. ആദ്യ പകുതിയിൽ രണ്ട് ഗോളിന് പിന്നിട്ടു നിന്ന ശേഷം രണ്ടാം പകുതിയിൽ തിരിച്ചടിച്ചാണ് വാറ്റ്ഫോർഡ് സമനില നേടിയത്. ആഴ്സണലിന്റെ ഡിഫൻസീവ് പിഴവുകളാണ് ഇന്ന് ആഴ്സണലിന് വിനയായത്.

കളിയുടെ ആദ്യ പകുതിയിൽ ഒബാമയങ്ങിന്റെ ഇരട്ട ഗോളുകളുടെ ബലത്തിൽ ആഴ്സണൽ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിയതായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ കളി ആകെ മാറി. പ്രെസിംഗിലൂടെ ആഴ്സണലിന്റെ താളം തെറ്റിച്ച വാറ്റ്ഫോർഡ് ആഴ്സണൽ ഡിഫൻസിനെ വലച്ചു. ഒരു ഷോട്ട് ഗോൾ കിക്ക് എടുക്കുന്നതിനിടെ പന്ത് കൈക്കലാക്കിയ വാറ്റ്ഫോർഡ് ക്ലെവർലിയിലൂടെ ആദ്യ ഗോൾ മടക്കി.

പിന്നീട് ഡേവിഡ് ലൂയിസിന്റെ പിഴവിൽ നിന്ന് ഒരു പെനാൾട്ടിയും വാറ്റ്ഫോർഡിന് ലഭിച്ചു. പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് പെരേര സ്കോർ സമനിലയിൽ എത്തിക്കുകയും ചെയ്തു. ഭാഗ്യം കൊണ്ട് മാത്രമാണ് ആഴ്സണൽ പരാജയത്തിൽ നിന്ന് രക്ഷപ്പെട്ടത്. 31 ഷോട്ടുകളാണ് വാറ്റ്ഫോർഡ് ഇന്ന് ആഴ്സണലിന്റെ ഗോൾ മുഖത്തേക്ക് തൊടുത്തത്. വാറ്റ്ഫോർഡിന്റെ ലീഗിലെ രണ്ടാം പോയന്റ് മാത്രമാണ് ഇത്.

Advertisement