വാൾക്കറിന്റെ റോക്കറ്റ് ഗോളിൽ സിറ്റിക്ക് ജയം

കെയിൽ വാൾക്കർ നേടിയ മനോഹര ഗോളിൽ മാഞ്ചസ്റ്റർ സിറ്റി ന്യൂ കാസിലിനെ മറികടന്നു. 2-1 നാണ് ചാമ്പ്യന്മാർ ജയം സ്വന്തമാക്കിയത്. ജയത്തോടെ 10 പോയിന്റുമായി സിറ്റി 3 ആം സ്ഥാനത്താണ്. 1 പോയിന്റ് മാത്രമുള്ള ന്യൂകാസിൽ 18 ആം സ്ഥാനത്താണ്.

റഹീം സ്റ്റർലിംഗിന്റെ മികച്ച ഗോളോടെയാണ് സിറ്റി കളി ആരംഭിച്ചത്. 8 ആം മിനുട്ടിൽ പിറന്ന ഗോളോടെ സിറ്റി ഗോൾ വേട്ട തുടരും എന്ന് പ്രതീക്ഷിച്ചെങ്കിലും ബെനീറ്റസിന്റെ ടീം നന്നായി പ്രതിരോധിച്ചു. 30 ആം മിനുട്ടിൽ മികച്ചൊരു മുന്നേറ്റത്തിലൂടെ എഡ്ലിൻ സമനില ഗോൾ നേടി.

രണ്ടാം പകുതിയിൽ പതിവ് പോലെ സിറ്റി വ്യക്തമായ ആധിപത്യം പുലർത്തി. 52 ആം മിനുട്ടിൽ വാൾക്കർ സ്റ്റൈലായി തന്നെ സിറ്റിക്കായുള്ള തന്റെ ആദ്യ ലീഗ് ഗോൾ നേടി. ബോക്സിന് പുറത്ത് നിന്ന് തൊടുത്ത ബുള്ളറ്റ് ഷോട്ടിന് ന്യൂ കാസിൽ ഗോളിക്ക് മറുപടി ഉണ്ടായിരുന്നില്ല. പിന്നീടും ഏതാനും അവസരങ്ങൾ സിറ്റി സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിലെ അപാകതകൾ അവർക്ക് വിനയായി. എങ്കിലും വോൾവ്സിനെതിരെ സമനില വഴങ്ങിയ ശേഷം ജയത്തിലേക്ക് തിരിച്ചെത്താനായത് പെപ്പിന് ആശ്വാസമാകും.

Previous articleസെൽറ്റ വീഗോയ്ക്ക് മുന്നിൽ വീണ് അത്ലറ്റിക്കോ മാഡ്രിഡ്
Next articleആസ്റ്റൺ വില്ലയെ നാണംകെടുത്തി ഷെഫീൽഡ് യുണൈറ്റഡ്