2010 നു ശേഷം ആദ്യമായി ആസ്റ്റൺ വില്ലക്ക് യൂറോപ്യൻ യോഗ്യത നേടി നൽകി ഉനയ് എമറെ. സീസണിൽ പകുതിയിൽ വച്ചു 14 സ്ഥാനക്കാർ ആയ വില്ലയെ ഏറ്റെടുത്ത എമറെ സീസൺ അവസാനിപ്പിക്കുമ്പോൾ ഏഴാം സ്ഥാനക്കാർ ആയി ആണ് അവരുടെ സീസൺ അവസാനിപ്പിച്ചത്. ഇതോടെ യുഫേഫ കോൺഫറൻസ് ലീഗിലേക്ക് വില്ല യോഗ്യത നേടി. ഇന്ന് നടന്ന അവസാന ലീഗ് മത്സരത്തിൽ യൂറോപ്പ ലീഗ് യോഗ്യത ഇതിനകം ഉറപ്പിച്ച ബ്രൈറ്റണിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് വില്ല തോൽപ്പിച്ചത്.
മത്സരത്തിൽ എട്ടാം മിനിറ്റിൽ ജേക്കബ് റംസിയുടെ പാസിൽ നിന്നു ഡഗ്ലസ് ലൂയിസ് വില്ലക്ക് ആദ്യ ഗോൾ സമ്മാനിച്ചു. 19 മത്തെ മിനിറ്റിൽ ഉണ്ടവിലൂടെ ബ്രൈറ്റൺ ഗോൾ നേടിയെങ്കിലും അസിസ്റ്റ് നൽകിയ എൻസിസോ ഓഫ് സൈഡ് ആയത് കൊണ്ട് ഗോൾ വാർ നിഷേധിച്ചു. 26 മത്തെ മിനിറ്റിൽ മികച്ച കൗണ്ടർ അറ്റാക്കിൽ നിന്നു റംസിയുടെ തന്നെ പാസിൽ നിന്നു സീസണിലെ പതിനഞ്ചാം ഗോൾ നേടിയ ഒലി വാറ്റ്കിൻസ് വില്ലക്ക് രണ്ടാം ഗോൾ നൽകി. 38 മത്തെ മിനിറ്റിൽ പാസ്‌കൽ ഗ്രോസിന്റെ ഫ്രീക്കിക്കിൽ നിന്നു ഗോൾ നേടിയ ഉണ്ടവ് ബ്രൈറ്റണിനു ആയി ഒരു ഗോൾ മടക്കി. തുടർന്ന് ജയം ഉറപ്പിച്ച വില്ല കോൺഫറൻസ് ലീഗ് ഉറപ്പിച്ചു.