മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ അന്റോണിയോ വലൻസിയ ക്ലബ് വിട്ടു. ഇന്നലെ തന്റെ അവസാന മത്സരത്തിനായിരുന്നു വലൻസിയ ഇറങ്ങിയത്. കാർശിഫ് സിറ്റിക്ക് എതിരെ സബ്ബായി എത്തി എങ്കിലും പരാജയത്തോടെ വിടവാങ്ങാനായിരുന്നു വലൻസിയയുടെ വിധി. റൈറ്റ് ബാക്കായ അന്റോണിയോ വലൻസിയയുടെ കരാർ പുതുക്കേണ്ടതില്ല എന്ന് ക്ലബ് തീരുമാനിച്ചതോടെയാണ് താരം ക്ലബ് വിടുമെന്ന് ഉറപ്പായത്. അവസാന രണ്ടു സീസണുകളിലായി പരിക്കും ഫോമില്ലായ്മയുമായി നിൽക്കുന്ന വലൻസിയക്ക് കരാർ കൊടുക്കണ്ട എന്നായിരുന്നു ക്ലബിന്റെ തീരുമാനം.
2009ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ വിങ്ങറായി എത്തിയതാണ് വലൻസിയ. സർ അലക്സ് ഫെർഗൂസണ് കീഴിൽ രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങൾ വലൻസിയ നേടിയിട്ടുണ്ട്. ആദ്യം വിങ്ങറായി കളിച്ചു എങ്കിലും പിന്നീട് യുണൈറ്റഡിന്റെ സ്ഥിരം റൈറ്റ് ബാക്കായി വലൻസിയ മാറി. 10 സീസണുകൾക്ക് ശേഷമാണ് വലൻസിയ ക്ലബ് വിടുന്നത്. 339 മത്സരങ്ങൾ വലൻസിയ ക്ലബിനായി കളിച്ചിട്ടുണ്ട്. രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങൾ കൂടാതെ, ഒരു യൂറോപ്പ കിരീടം, ഒരു എഫ് എ കപ്പ്, രണ്ട് ലീഗ് കപ്പ് എന്നിവയും വലൻസിയ നേടിയിട്ടുണ്ട്.