പോഗ്ബൂം!! ബോക്സിങ് ഡേയിൽ യുണൈറ്റഡിന് തകർപ്പൻ വിജയം

- Advertisement -

സോൾഷ്യാറിന് കീഴിൽ ഓൾഡ് ട്രാഫോഡിൽ ആദ്യ മത്സരം കളിക്കാൻ ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം. ബോക്സിങ് ഡേ പോരാട്ടത്തിൽ ഹഡേഴ്‌സ് ഫീൽഡിനെ ഒന്നിനെതിരെ 3 ഗോളുകൾക്കാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. പോഗ്ബ ഇരട്ട ഗോളുകൾ നേടി തിളങ്ങിയപ്പോൾ മാറ്റിച് ആയിരുന്നു മറ്റൊരു ഗോൾ നേടിയത്.

കഴിഞ്ഞ മത്സരത്തിന്റെ ബാക്കിയെന്നോണം ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയത്. പന്ത് കൈവശം വെച്ചു കളിച്ച യുണൈറ്റഡ് ഹഡേഴ്‌സ് ഫീല്ഡിനെതിരെ വ്യക്തമായ ആധിപത്യം ആയിരുന്നു പുലർത്തിയത്. അതിനിടയിൽ ലീഡ് നേടാനുള്ള മികച്ച ഒരു അവസരം ഹഡേഴ്‌സ് ഫീൽഡ് താരം കോംഗോളോ നഷ്ടപ്പെടുത്തി. 29ആം മിനിറ്റിൽ ആണ് യുണൈറ്റഡ് ലീഡ് നേടിയത്, കോർണറിൽ നിന്നും ലിൻഡലോഫ്‌ ഹെഡ് ചെയ്ത പന്ത് മാറ്റിച് ഒഴിഞ്ഞ പോസ്റ്റിലേക്ക് അടിച്ചു കയറ്റി. ആദ്യ പകുതിയിൽ സ്‌കോർ 1-0

രണ്ടാം പകുതിയിൽ കൂടുതൽ ആക്രമിച്ചു കളിച്ച ഹഡേഴ്‌സ് ഫീൽഡ് ഗോളിന് തൊട്ടടുത്തെത്തി എങ്കിലും ഡേവിഡ് ഡിഹെയ ഒന്നാന്തരം ഒരു സേവിലൂടെ യുണൈറ്റഡിന്റെ രക്ഷക്കെത്തി. തുടർന്നായിരുന്നു പോഗ്ബയുടെ ഇരട്ട ഗോളുകൾ പിറന്നത്. മാറ്റയും രാഷ്ഫോർഡും ചേർന്ന് നടത്തിയ നീക്കത്തിനൊടുവിൽ പോഗ്ബയുടെ ഗോൾ. താമസിയാതെ ബോക്സിനു വെളിയിൽ വെച്ചു നേടിയ മറ്റൊരു ഗോളിലൂടെ പോഗ്ബ യുണൈറ്റഡ് വിജയം ഉറപ്പിച്ചു. 88ആം മിനിറ്റിൽ യോർഗൻസൺ ആണ് ഹഡേഴ്‌സ് ഫീൽഡിന്റെ ആശ്വാസ ഗോൾ നേടിയത്.

Advertisement