ബ്രൈറ്റണ് തിരിച്ചടി, സൂപ്പർ താരം ട്രൊസാർഡ് ചെൽസിക്കെതിരെ കളിച്ചേക്കില്ല

സ്റ്റാംഫോഡ് ബ്രിഡ്ജിൽ ശക്തരായ ചെൽസിയെ നേരിടാൻ ഇറങ്ങുന്ന ഗ്രഹാം പോട്ടറിന്റെ ബ്രൈറ്റണ് തിരിച്ചടിയായി ട്രൊസാർഡിന്റെ പരിക്ക്. നീണ്ട പന്ത്രണ്ട് മത്സരങ്ങൾക്ക് ശേഷം കഴിഞ്ഞ മത്സരത്തിൽ ബ്രെന്റഫോഡിനെ പരാജയപ്പെടുത്തി വിജയ വഴിയിൽ തിരിച്ചെത്തിയ ബ്രൈറ്റണ് ട്രൊസാർഡിന്റെ അഭാവം കനത്ത തിരിച്ചടിയായിരിക്കും.

കഴിഞ്ഞ മത്സരത്തിൽ ബ്രെന്റ്ഫോർഡിനെതിരെ ആദ്യ പകുതിയിൽ തന്നെ ഗോൾ കണ്ടെത്തിയ ട്രൊസാർഡ് പക്ഷെ പരിക്ക് കാരണം പിൻവലിക്കപ്പെട്ടിരുന്നു. താരത്തിന്റെ പരിക്ക് സാരമുള്ളതാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഗ്രഹാം പോട്ടർ തന്നെ താരം ഹാംസ്ട്രിംഗ് പരിക്ക് മൂലം ചികിത്സയിൽ ആണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

ട്രൊസാർഡിന്റെ അഭാവം ചെൽസിക്ക് മത്സരത്തിൽ മുൻ‌തൂക്കം നൽകും എന്ന കാര്യം ഉറപ്പാണ്. ട്രൊസാർഡ് ഇല്ലെങ്കിൽ മുൻ ആഴ്‌സണൽ താരം ഡാനി വെൽബെക് ബ്രൈറ്റണിന്റെ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചേക്കും.