സ്പർസിൽ നിന്നുള്ള കൂടുമാറ്റം ചൂടുപിടിച്ചിരിക്കെ ഇന്ന് നടന്ന പരിശീലന മത്സരത്തിൽ
ഹാട്രിക്ക് അടക്കം നാല് ഗോളുകൾ നേടി ക്യാപ്റ്റൻ ഹാരി കെയ്നിന്റെ മിന്നുന്ന പ്രകടനം. താരത്തിന്റെ ഗോൾ അടക്കം ഒന്നിനെതിരെ അഞ്ച് എന്ന സ്കോറിന് ശക്തർ ഡൊണെസ്കിനെ ടോട്ടൻഹാം തകർത്തു വിട്ടു. ഇംഗ്ലീഷ് ടീമിന്റെ മറ്റൊരു ഗോൾ യുവതാരം ഡേൻ സ്‌കാർലറ്റ് നേടി. ശക്തറിന്റെ ആശ്വാസ ഗോൾ കെൽസിയുടെ പേരിൽ കുറിച്ചു. ജോവൻ ഗാമ്പർ ട്രോഫിയിൽ ബാഴ്‌സലോണയെ ആണ് അടുത്ത മത്സരത്തിൽ ടോട്ടനത്തിന് നേരിടാൻ ഉള്ളത്.
പുതിയ താരം ജെയിംസ് മാഡിസനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് ടോട്ടനം കളത്തിൽ എത്തിയത്. കെയിനിനൊപ്പം സോൺ, കുലുസെവ്സ്കി എന്നിവർ മുന്നേറ്റത്തിൽ എത്തി. മൂന്നാം മിനിറ്റിൽ തന്നെ കെയ്നിന്റെ ശ്രമം കീപ്പർ തടുത്തു. റിബൗണ്ടിൽ കിട്ടിയ അവസരം എമേഴ്‌സൻ തുലച്ചു. കീപ്പറുടെ കരങ്ങൾ ആണ് ആദ്യ ഗോൾ വീഴുന്നത് വരെ ശക്തറിനെ കാത്തത്. മാഡിസനെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി വലയിൽ എത്തിച്ച് 38ആം മിനിറ്റിൽ കെയ്ൻ ആദ്യ ഗോൾ നേടി. 45 ആം മിനിറ്റിൽ സികന്റെ തകർപ്പൻ ഒരു ക്രോസ് മികച്ച ഫിനിഷിങിലൂടെ വലയിൽ എത്തിച്ച് കെൽസി സ്‌കോർ തുല്യ നിലയിൽ ആക്കി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ടോട്ടനം ലീഡ് വീണ്ടെടുത്തു. ശക്തറിന്റെ ഗോളിന് അനുസ്മരിപ്പിക്കുന്ന രീതിയിൽ മാഡിസന്റെ ക്രോസിൽ തല വെച്ചാണ് കെയ്ൻ രണ്ടാം ഗോൾ നേടിയത്. 55ആം മിനിറ്റിൽ കുലുസെവ്സ്കിയുടെ അസിസ്റ്റിൽ കെയിൻ ഹാട്രിക് തികച്ചു. 80 ആം മിനിറ്റിൽ മനോർ സോളോമന്റെ ഷോട്ട് കീപ്പർ തടുത്തിട്ടപ്പോൾ കൃത്യമായി ഇടപെട്ടാണ് ഹാരി കെയ്ൻ തന്റെ അവസാന ഗോൾ കുറിച്ചത്. പിന്നീട് താരത്തിനെ പിൻവലിച്ച കോച്ച് ഡേൻ സ്കാർലറ്റിന് അവസരം നൽകി. വലിയ ഹർഷാരവത്തോടെയാണ് കെയ്നിന് ആരാധകർ വിടവാങ്ങൽ നൽകിയത്. കോച്ചിനെ വിശ്വാസം കാത്ത് കൊണ്ട് ഇഞ്ചുറി ടൈമിൽ തകർപ്പൻ ഒരു ഗോളിലൂടെ ഡേൻ പട്ടിക തികച്ചു.