ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീട പോരാട്ടവും റിലഗേഷൻ പോരാട്ടവും ഒക്കെ നേരത്തെ തന്നെ തീരുമാനം ആയിരുന്നു. അതുകൊണ്ട് തന്നെ അവസാന ദിവസത്തിന് ആവേശമാകുന്നത് ചാമ്പ്യൻസ് ലീഗ് യോഗ്യത പോരാട്ടവും യൂറോപ്പ ലീഗിനായുള്ള പോരാട്ടവും ആകും. ചാമ്പ്യൻസ് ലീഗിനായുള്ള ആദ്യ രണ്ട് സ്ഥാനങ്ങൾ മാഞ്ചസ്റ്റർ ക്ലബുകൾ ഉറപ്പിച്ചു കഴിഞ്ഞു. ഇനി ബാക്കി രണ്ടു സ്ഥാനങ്ങൾ ആണ് ഉള്ളത്. അതിനായി ചെൽസിയും ലിവർപൂളും ലെസ്റ്റർ സിറ്റിയുമാണ് പോരാടുന്നത്.
67 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ചെൽസിക്ക് ഇന്ന് ശക്തരായ എതിരാളികൾ ആണ്. ആസ്റ്റൺ വില്ലയെ വില്ല പാർക്കിൽ വെച്ചാണ് ചെൽസി നേരിടേണ്ടത്. അത്ര നല്ല ഫോമിൽ അല്ല ആസ്റ്റൺ വില്ല എങ്കിലും ഇന്ന് അവർക്ക് ആദ്യ ഇലവനിൽ ഗ്രീലിഷ് ഉണ്ടാകും എന്നത് ചെൽസി ഡിഫൻസിന് തലവേദനയാകും. ഇന്ന് ഒരു വിജയം കൊണ്ട് ചെൽസിക്ക മൂന്നാം സ്ഥാനം ഉറപ്പിക്കാം.
66 പോയിന്റുമായി ലിവർപൂൾ ആണ് രണ്ടാമത് ഉള്ളത്. കഴിഞ്ഞ റൗണ്ടിൽ മാത്രമാണ് ലിവർപൂൾ ആദ്യ നാലിലേക്ക് തിരികെയെത്തിയത്. അവസാന കുറച്ച് ആഴ്ചകൾ ആയി മികച്ച ഫോമിലാണ് ലിവർപൂൾ ഉള്ളത്. ഇന്ന് ക്രിസ്റ്റൽ പാലസ് ആണ് ലിവർപൂളിന്റെ എതിരാളികൾ. ആൻഫീൽഡിൽ കാണികൾ ഉണ്ടാകും എന്നത് ലിവർപൂളിന് കരുത്ത് നൽകും. 66 പോയിന്റ് തന്നെയാണ് അഞ്ചാമത് ഉള്ള ലെസ്റ്ററിനും ഉള്ളത്. പക്ഷെ മെച്ചപ്പെട്ട ഗോൾഡിഫറൻസ് ലിവർപൂളിനെ മുന്നിൽ നിർത്തുന്നു. ലെസ്റ്ററിന് ഇന്ന് ടോട്ടനം ആണ് എതിരാളികൾ. ടോട്ടനം യൂറോപ്പ ലീഗ് യോഗ്യതക്ക് വേണ്ടി പോരാടുന്ന ടീമായത് കൊണ്ട് മത്സരം ശക്തമായിരിക്കും. തുടർച്ചയായ രണ്ടാം സീസണിലും അവസാനം കൊണ്ടുപോയി ചാമ്പ്യൻസ് ലീഗ് യോഗ്യത കൈവിട്ടാൽ ലെസ്റ്റർ സിറ്റി അത് വലിയ തിരിച്ചടി തന്നെയാകും.
ലെസ്റ്റർ സിറ്റിക്ക് +20, ലിവർപൂളിന് +24, ചെൽസിക്ക് +23 എന്നാണ് ഗോൾഡിഫറൻസ് ഉള്ളത്. ഇതും ഇന്ന് നിർണായകമായേക്കും. എല്ലാ മത്സരങ്ങളും രാത്രി 8.30നാണ് നടക്കുന്നത്.