ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മറ്റൊരു വലിയ മത്സരം നടക്കും. ടോപ് 4 യോഗ്യത ഉറപ്പിക്കാൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡും സ്പർസും ഇന്ന് നേർക്കുനേർ വരും. ലണ്ടണിൽ വെച്ചാണ് മത്സരം നടക്കുന്നത്. ന്യൂകാസിലിനോട് ഏറ്റ വലിയ പരാജയത്തിന്റെ ക്ഷീണവുമായാണ് സ്പർസ് വരുന്നത്. ആ പരാജയത്തിന്റെ പ്രതികരണം ആകും ഏവരും പ്രതീക്ഷിക്കുന്നത്. പുതിയ സഹപരിശീലകൻ റയാൻ മേസണ് സ്പർസിനെ നേർവഴിക്ക് നടത്താൻ ആകുമോ എന്നതും ഇന്ന് അറിയാം.
ഇപ്പോൾ ലീഗിൽ 32 മത്സരങ്ങളിൽ നിന്ന് 53 പോയിന്റുമായി ഏഴാം സ്ഥാനത്താണ് സ്പർസ് ഉള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡ് 30 മത്സരങ്ങളിൽ നിന്ന് 59 പോയിന്റുമായി നാലാം സ്ഥാനത്തും. ഇന്ന് വിജയിച്ചില്ല എങ്കിൽ സ്പർസിന് നാലാം സ്ഥാനം മറക്കേണ്ടി വരും. ഇന്ന് വിജയിച്ചാൽ യുണൈറ്റഡ് ഏതാണ്ട് ടോപ് 4 ഉറപ്പിച്ചു എന്നും പറയാം. എന്നാൽ യുണൈറ്റഡിന്റെ എവേ ഫോം അത്ര മികച്ചതല്ല. ഒപ്പം ഇന്ന് അവരുടെ പ്രധാനതാരം ബ്രൂണോ ഫെർണാണ്ടസ് കളിക്കാനും സാധ്യതയില്ല. ബ്രൂണോ പരിക്കിന്റെ പിടിയിലാണ്.
മാഞ്ചസ്റ്റർ യുണൈറ്റഡിന് ലിസാൻഡ്രോ മാർട്ടിനസ്, വരാനെ, ഗർനാചോ തുടങ്ങി പല പ്രധാന താരങ്ങളും പരിക്കിന്റെ പിടിയിലാണ്. ഇന്ന് മഗ്വയറും ലിൻഡെലോഫും സെന്റർ ബാക്ക് കൂട്ടുകെട്ട് ആകുമോ അതോ ലൂക് ഷോ സെന്റർ ബാക്ക് പൊസിഷനിൽ തുടരുമോ എന്നതും കണ്ടറിയാം. ഇന്ന് രാത്രി 12.45നാണ് മത്സരം നടക്കുക.