ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വലിയ ട്രാൻസ്ഫറുകൾ നടത്തേണ്ടതുണ്ട് എന്ന് പരിശീലകൻ എറിക് ടെൻ ഹാഗ്. ഇന്നലെ പ്രീമിയർ ലീഗ് സീസണിലെ അവസാന മത്സരത്തിനു ശേഷം സംസാരിക്കുക ആയിരുന്നു ടെൻ ഹാഗ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ ലീഗിൽ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഒന്നാമതുള്ള മാഞ്ചസ്റ്റർ സിറ്റിയെക്കാൾ 14 പോയിന്റ് കുറവായിരുന്നു ഇത്.
“ഞങ്ങൾ ഈ കഴിഞ്ഞ വിന്റർ ട്രാൻസ്ഫർ സമയത്ത് കണ്ടതാണ്. എല്ലാ ക്ലബ്ബുകളും വലിയ നിക്ഷേപം നടത്തി, ഞങ്ങൾ ചെയ്തില്ല.” ടെൻ ഹാഗ് പറയുന്നു. “നിങ്ങൾക്ക് ടോപ്പ്-ഫോർ കളിക്കാനും പ്രീമിയർ ലീഗിലും മറ്റ് കിരീടങ്ങൾക്കായും മത്സരിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങൾ പണം ഇറക്കേണ്ടതുണ്ട്. അല്ലെങ്കിൽ നിങ്ങൾക്ക് അവസരമില്ല, കാരണം മറ്റ് ക്ലബ്ബുകൾ തീർച്ചയായും പണം ഇറക്കി വലിയ താരങ്ങളെ എത്തിക്കും” ടെൻ ഹാഗ് പറഞ്ഞു.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ ഉടമകളുടെ കാര്യത്തിൽ തീരുമാനം ആകാത്തത് കൊണ്ട് തന്നെ യുണൈറ്റഡ് വലിയ ട്രാൻസ്ഫറുകൾ ഈ സമ്മറിൽ നടത്തുമോ എന്ന ആശങ്കയിലാണ് ആരാധകർ.