അരങ്ങേറ്റ സീസണിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ് യുണൈറ്റഡ് ആരാധകർക്ക് ഏറെ സന്തോഷങ്ങൾ നൽകി. ഇന്നലെ ലീഗിലെ അവസാന മത്സരത്തിൽ ഫുൾഹാമിനെ തോൽപ്പിച്ചതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു റെക്കോർഡിലും എത്തി. ഒരൊറ്റ സീസണിൽ ഏറ്റവും കൂടുതൽ ഹോം വിജയങ്ങൾ എന്ന ക്ലബ്ബിന്റെ എക്കാലത്തെയും റെക്കോർഡിനൊപ്പം ടെൻ ഹാഗിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡും എത്തി. ടെൻ ഹാഗിന്റെ ടീം ഓൾഡ് ട്രാഫോർഡിൽ ഈ സീസണിൽ 27 വിജയങ്ങൾ ആണ് രേഖപ്പെടുത്തിയത്. 2002/03 സീസണിലെ റെക്കോർഡിന് ഒപ്പമാണ് ടെൻ ഹാഗ് എത്തിയത്.
ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം റെക്കോർഡ് അതുല്യമായിരുന്നു എന്ന് പറയാം. ആകെ സീസണിൽ രണ്ട് മത്സരങ്ങൾ ആണ് യുണൈറ്റഡ് ഹോം ഗ്രൗണ്ടിൽ പരാജയപ്പെട്ടത്. സീസൺ തുടക്കത്തിൽ ബ്രൈറ്റണോടും യൂറോപ്പ ലീഗിൽ റയൽ സോസിഡാഡിനോടും മാത്രമാണ് യുണൈറ്റഡ് ഓൾഡ്ട്രാഫോർഡിൽ പരാജയപ്പെട്ടത്.
2022/23 സീസണിന്റെ തുടക്കത്തിൽ റെഡ് ഡെവിൾസിന്റെ ചുമതലയേറ്റ ടെൻ ഹാഗ് ടീമിനെ പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് നയിക്കുകയും ചെയ്തു. സീസണിൽ മൊത്തം 75 പോയിന്റുകൾ യുണൈറ്റഡ് നേടി. കൂടാതെ ലീഗ് കപ്പ് കിരീടവും അവർ നേടി. കൂടാതെ അവർ എഫ് എ കപ്പ് ഫൈനലിലും ഉണ്ട്.