സ്റ്റേർലിംഗ് ഹാട്രിക്ക്!! വൻ വിജയത്തോടെ തന്നെ ഇംഗ്ലീഷ് ചാമ്പ്യന്മാർ തുടങ്ങി!!

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യന്മാർക്കായ സിറ്റിക്ക് ഗംഭീര വിജയത്തോടെ തുടക്കം. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ഇന്ന് മാഞ്ചസ്റ്റർ സിറ്റി വെസ്റ്റ് ഹാമിനെ തോല്പിച്ചത്. റഹീം സ്റ്റെർലിംഗിന്റെ ഹാട്രിക്ക് ഗോളുകളാണ് ടീമിന് ഈ വലിയ വിജയം നൽകിയത്. പ്രീമിയർ ലീഗിൽ ആദ്യമായി വാറിന്റെ വലിയ ഇടപെടലുകളും ഇന്നത്തെ മത്സരത്തിൽ കണ്ടു.

ആദ്യ പകുതിയിൽ സിറ്റിയെ പിടിച്ചു കെട്ടാൻ ഒരു കണക്കിന് വെസ്റ്റ് ഹാമിന് ആയിരുന്നു. എങ്കിലും കെയ്ല് വാൽക്കറിന്റെ ഒരു നിമിഷത്തെ ബ്രില്ല്യൻസ് സിറ്റിക്ക് ആദ്യ ഗോൾ നേടിക്കൊടുത്തു. വാൽക്കറിന്റെ ഓവർലാപിനു ശേഷം പിറന്ന ക്രോസ് ജീസുസ് ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ സിറ്റിയുടെ പൂർണ്ണ ആധിപത്യം തന്നെയാണ് കണ്ടത്. 51ആം മിനുട്ടിൽ ഡിബ്രുയിന്റെ പാസിൽ നിന്ന് സ്റ്റെർലിംഗിന്റെ ആദ്യ ഗോൾ പിറന്നു. 75ആം മിനുട്ടിൽ സ്റ്റെർലിംഗിന്റെ രണ്ടാം ഗോളും പിറന്നു. ഇത്തവണ മെഹ്റസ് ആണ് അസിസ്റ്റ് ഒരുക്കിയത്.

കളിയുടെ അവസനം സബ് ആയി ഇറങ്ങിയ അഗ്വേറോയും ഗോൾ നേടി. പെനാൾട്ടിയിൽ ആയിരുന്നു അഗ്വേറോയുടെ ഗോൾ. ആദ്യം അഗ്വേറോ എടുത്ത പെനാൾട്ടി ഫാബിയാൻസ്കി തടഞ്ഞു എങ്കിലും വാർ ആ പെനാൾട്ടി വീണ്ടും എടുപ്പിച്ചു. അപ്പോൾ അഗ്വേറോ ലക്ഷ്യം കാണുകയും ചെയ്തു. കളിയുടെ ഇഞ്ച്വറി ടൈമിൽ ആണ് സ്റ്റെർലിംഗ് തന്റെ ഹാട്രിക്ക് പൂർത്തിയാക്കിയത്‌.

Advertisement