അഫ്ഗാന്‍ താരത്തെ വിലക്കി ബോര്‍ഡ്

Sports Correspondent

അഫ്ഗാനിസ്ഥാന്റെ വെടിക്കെട്ട് ഓപ്പണിംഗ് താരത്തെ വിലക്കി ബോര്‍ഡ്. ബോര്‍ഡിന്റെ അനുമതിയില്ലാതെ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്തതിനുള്ള അച്ചടക്ക നടപടിയായാണ് മുഹമ്മദ് ഷെഹ്സാദിനെ സസ്പെന്‍ഡ് ചെയ്തത്. സസ്പെന്‍ഷന്‍ കാലാവധിയെക്കുറിച്ച് ഒന്നും വെളിപ്പെടുത്തിയിട്ടില്ല. താരത്തിന്റെ ലോകകപ്പ് പെരുമാറ്റത്തെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ജൂലൈ 20, 25 തീയ്യതികളില്‍ പെരുമാറ്റചട്ട കമ്മിറ്റിയുമായി ചര്‍ച്ചയുണ്ടായിരുന്നുവെങ്കിലും താരം അതില്‍ പങ്ക് ചേര്‍ന്നില്ല.

ഫിറ്റ്നെസ്സ് കാരണങ്ങളാല്‍ അഫ്ഗാനിസ്ഥാന്‍ താരത്തെ ലോകകപ്പിനിടയില്‍ നിന്ന് മടക്കിയയച്ചുവെങ്കിലും തനിക്ക് പരിക്കില്ലെന്നും ബോര്‍ഡ് തനിക്കെതിരെ ഗൂഢാലോചന നടത്തിയതാണെന്നും അഫ്ഗാന്‍ താരം പറഞ്ഞിരുന്നു. മാനേജര്‍, ക്യാപ്റ്റന്‍, ഡോക്ടര്‍ എന്നിവര്‍ മാത്രമാണ് തീരുമാനം അറിഞ്ഞതെന്നും കോച്ച് ഫില്‍ സിമ്മണ്‍സ് പോലും വളരെ വൈകിയാണ് ഈ വിവരം അറിഞ്ഞതെന്ന് അന്ന് ഷെഹ്സാദ് ആരോപിച്ചിരുന്നു.