ടോട്ടൻഹാമിന്റെ പുതിയ സ്റ്റേഡിയം ഗംഭീരം!! ആദ്യ മത്സരം നടന്നു

Newsroom

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ടോട്ടൻഹാമിന്റെ പുതിയ സ്റ്റേഡിയത്തിലെ ആദ്യ മത്സരം നടന്നു. നീണ്ട കാലത്തെ കാത്തിരിപ്പിനു ശേഷം ഇന്നലെയാണ് ടോട്ടൻഹാമിന്റെ പുതിയ സ്റ്റേഡിയത്തിലെ ആദ്യ മത്സരം നടന്നത്. ടോട്ടൻഹാമിന്റെ അണ്ടർ 18 ടീമും സൗതാമ്പ്ടന്റെ അണ്ടർ 18 ടീമും തമ്മിലായിരുന്നു മത്സരം. സ്റ്റേഡിയത്തിന് ഔദ്യോഗിക അംഗീകാരം ലഭിക്കുന്നതിനായി രണ്ട് മത്സരങ്ങൾ നടത്തേണ്ടതുണ്ട്. അതിൽ ഒന്നാണ് ഇന്നലെ നടന്നത്. ടോട്ടൻഹാം ഇതിഹാസങ്ങൾ പങ്കെടുക്കുന്ന ഒരു മത്സരൻ കൂടെ ഈ ആഴ്ച സ്റ്റേഡിയത്തിൽ നടക്കും.

ഏപ്രിൽ ആദ്യ വാരത്തോടെ സ്റ്റേഡിയം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്ന് ടോട്ടൻഹാം ക്ലബ് അറിയിച്ചിട്ടുണ്ട്. അവസാന രണ്ടു സീസണുകളായി തങ്ങളുടെ ഹോം ഗ്രൗണ്ടായ വൈറ്റ് ഹേർട്ട് ലൈൻ പുതുക്കി പണിയുകയയായിരുന്നു ടോട്ടൻഹാം. ഈ സീസൺ തുടക്കത്തിൽ തന്നെ പണികൾ തീരുമെന്നാണ് കരുതിയത് എങ്കിലും സാങ്കേതിക കാരണങ്ങളാൽ ഉദ്ഘാടനം ഇത്രയും നീണ്ടു പോവുകയായിരു‌ന്നു.

കഴിഞ്ഞ സീസൺ ആരംഭം മുതൽ വെംബ്ലി സ്റ്റേഡിയം ആണ് സ്പർസിന്റെ ഹോം സ്റ്റേഡിയമായി പ്രവർത്തിക്കുന്നത്. വാടക അടിസ്ഥാനത്തിലായിരു‌ന്നു വെംബ്ലിയിൽ ഇത്രകാലം സ്പർസ് കളിച്ചത്. 850 മുല്യണോളമാണ് പുതിയ സ്റ്റേഡിയത്തിനായി സ്പർസ് ചിലവഴിച്ചത്. ഏപ്രിൽ 3ന് ക്രിസ്റ്റൽ പാലസിനെതിരായ പ്രീമിയർ ലീഗ് മത്സരത്തോടെയാകും ടോട്ടൻഹാമിന്റെ പുതിയ സ്റ്റേഡിയം ഉദ്ഘാടനമാവുക.