ചാമ്പ്യൻസ് ലീഗിൽ ബയേണിനോട് നാണം കെട്ടതിന് പിന്നാലെ സ്പർസ് പ്രീമിയർ ലീഗിലും തോറ്റു തുന്നം പാറി. ഇത്തവണ ബ്രയ്റ്റൻ ഹോവ് ആൽബിയനോട് എതിരില്ലാത്ത 3 ഗോളുകൾക്കാണ് അവർ തോൽവി വഴങ്ങിയത്. സ്പർസ് പരിശീലകൻ മൗറീസിയോ പോചെറ്റിനോയുടെ ഭാവി തന്നെ തുലാസിൽ ആകുന്ന മത്സര ഫലമാണ് ഇന്നത്തേത്. ജയത്തോടെ 9 പോയിന്റുള്ള ബ്രയ്റ്റൻ ടേബിളിൽ 12 ആം സ്ഥാനത്തേക്ക് ഉയർന്നു. സ്പർസ് തൽക്കാലം 11 പോയിന്റുമായി ആറാം സ്ഥാനത്താണ്.
ലീഗിൽ ഏറ്റവും ദുർബലരിൽ പെട്ട ബ്രയ്റ്റന് എതിരെ തീർത്തും മോശം തുടക്കമാണ് സ്പർസ് നേടിയത്. മൂന്നാം മിനുട്ടിൽ മൗഫെ നേടിയ ഗോളിൽ ബ്രയ്റ്റൻ ലീഡ് എടുത്തു. പിന്നാലെ ഗോളി ഹ്യുഗോ ലോറിസ് കൈ ഒടിഞ് പുറത്ത് പോയതും അവർക്ക് വൻ തിരിച്ചടിയായി. 32 ആം മിനുട്ടിൽ ടീനേജ് സ്‌ട്രൈക്കർ കൊനോളി സ്പർസ് വല കുലുക്കിയതോടെ തന്നെ സ്പർസ് ക്യാമ്പിൽ ആശങ്കയായി.
രണ്ടാം പകുതിയിൽ വിങ്‌സ് നെ മാറ്റി എന്ടോമ്പലെയെ ഇറക്കിയെങ്കിളും സ്പർസ് ആക്രമണത്തിൽ കാര്യമായ മാറ്റം ഒന്നും വന്നില്ല. അവസരങ്ങൾ സൃഷ്ടിക്കാൻ ലണ്ടൻ ക്ലബ്ബ് വിഷമിച്ചതോടെ എതിരാളികൾക്ക് കാര്യങ്ങൾ എളുപ്പമായി. 65 ആം മിനുട്ടിൽ ലെവിസ് ഡങ്കിന്റെ അസിസ്റ്റിൽ കൊനോളി വീണ്ടും വല കുലുക്കിയതോടെ ടോട്ടൻഹാം പതനം പൂർത്തിയായി. മത്സരത്തിൽ ഒരു ഘട്ടത്തിൽ പോലും മുന്നിട്ട് നിൽക്കാൻ പറ്റാതെ പോയ സ്പർസ് അങ്ങനെ ഒരാഴ്ചക്കിടയിൽ രണ്ടാം നാണക്കേടും പൂർത്തിയാക്കി.