ടോട്ടൻഹാമിനെ സമനിലയിൽ തളച്ചു ബ്രന്റ്ഫോർഡ്, ടോപ് ഫോർ പോരാട്ടത്തിൽ കോന്റെയുടെ ടീമിന് തിരിച്ചടി

Wasim Akram

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അന്റോണിയോ കോന്റെയുടെ ടോട്ടൻഹാമിനെ സമനിലയിൽ തളച്ചു ബ്രന്റ്ഫോർഡ്. മത്സരത്തിൽ പന്ത് അധികം സമയം കൈവശം വച്ചത് ടോട്ടൻഹാം ആയിരുന്നു എങ്കിലും അവസരങ്ങൾ കൂടുതൽ സൃഷ്ടിച്ചത് ബ്രന്റ്ഫോർഡ് ആയിരുന്നു. മത്സരത്തിൽ ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് അടിക്കാൻ സോണും കെയിനും അടങ്ങിയ ടോട്ടൻഹാം മുന്നേറ്റ നിരക്ക് ആയില്ല. മത്സരത്തിൽ തങ്ങളുടെ മുൻ താരം ക്രിസ്റ്റിയൻ എറിക്സനെ വലിയ കയ്യടികളോടെയാണ് ടോട്ടൻഹാം ആരാധകർ സ്വീകരിച്ചത്.

20220424 021812

ആദ്യ പകുതിയിൽ ക്രിസ്റ്റിയൻ എറിക്സന്റെ കോർണറിൽ നിന്നു ഇവാൻ ടോമിയുടെ ഹെഡർ ബാറിൽ തട്ടി മടങ്ങിയത് ടോട്ടൻഹാമിനു ആശ്വാസം ആയി. രണ്ടാം പകുതിയിൽ താരത്തിന്റെ മറ്റൊരു ഹെഡർ പോസ്റ്റിൽ തട്ടിയും മടങ്ങി. ഇടക്ക് എറിക്സന്റെ മികച്ച ശ്രമം ലോറിസ് രക്ഷപ്പെടുത്തി. അതേസമയം അവസാന നിമിഷങ്ങളിൽ കെയിനിന്റെ ഓവർ ഹെഡ് കിക്ക് ലക്ഷ്യം കാണാതെ പുറത്ത് പോയി. സമനിലയോടെ ടോട്ടൻഹാം ലീഗിൽ ആഴ്‌സണലിന് പിറകിൽ അഞ്ചാം സ്ഥാനത്തേക്ക് വീണു. അതേസമയം കഴിഞ്ഞ നാലു കളികളിൽ പരാജയം അറിയാത്ത ബ്രന്റ്ഫോർഡ് പതിനൊന്നാം സ്ഥാനത്ത് ആണ്.