ചെൽസിയുടെ അപരാജിത കുതിപ്പിന് വെംബ്ലിയിൽ അവസാനം. 3 -1 നാണ് സ്പർസ് ചെൽസിയെ തകർത്തത്. ഇന്നത്തെ ജയത്തോടെ 30 പോയിന്റുള്ള സ്പർസ് ചെൽസിയെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി. 28 പോയിന്റുള്ള ചെൽസി നാലാം സ്ഥാനതേക്ക് പിന്തള്ളപ്പെട്ടു.
പ്രതിരോധത്തിൽ വരുത്തിയ വൻ പിഴവുകളാണ് സ്പർസിനെതിരെ ചെൽസിക്ക് വിനയായത്. 8 ആം മിനുട്ടിൽ എറിക്സന്റെ ഫ്രീകിക്കിൽ നിന്ന് അലിയാണ് സ്പർസിനെ മുന്നിൽ എത്തിച്ചത്. ഏറെ വൈകാതെ ഹസാർഡിനെ ബോക്‌സിൽ വീഴ്ത്തിയതിന് ചെൽസി പെനാൽറ്റി ആർഹിച്ചെങ്കിലും റഫറി അനുവദിച്ചില്ല. പിന്നീട് 16 ആം മിനുട്ടിൽ മികച്ച ഷോട്ടിലൂടെ കെയ്ൻ സ്പർസിന്റെ ലീഡ് ഉയർത്തി. പിന്നീടും ലീഡ് ഉയർത്താൻ സ്പർസിന് മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ചെൽസി ഗോളി കെപയുടെ സേവുകൾ നീല പടയുടെ രക്ഷക്ക് എത്തി.
രണ്ടാം പകുതിയിലും വ്യക്തമായ ആധിപത്യമാണ് സ്പർസ് പുലർത്തിയത്. 54 ആം മിനുട്ടിൽ മികച്ച സോളോ ഗോളിലൂടെ സോൺ സ്പർസിന്റെ ലീഡ് മൂന്നാക്കി ഉയർത്തി. പിന്നീട് ലഭിച്ച ഏതാനും സുവർണാവസരങ്ങൾ കെയ്ൻ നഷ്ടപ്പെടുത്തിയില്ലായിരുന്നു എങ്കിൽ ചെൽസിയുടെ തോൽവി ഇതിലും മോശമായേനെ. പകരക്കാരനായി ഇറങ്ങി ജിറൂദ് ഒരു ഗോൾ നേടിയെങ്കിലും സമയം ഏറെ വൈകിയിരുന്നു.