മൗറീനോയുടെ സ്പർസ് തരിപ്പണമായി!! ഷെഫീൽഡിന് വൻ വിജയം

- Advertisement -

സ്പർസിനും മൗറീനോയ്ക്കും ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത എന്നത് മറക്കാം. ഒരു നാണംകെട്ട പരാജയം കൂടെ മൗറീനീയുടെ ടീം ഇന്ന് വഴങ്ങി. ഷെഫീൽഡ് യുണൈറ്റഡിനെ നേരിട്ട ടോട്ടനം ഒന്നിനെതിരെ മൂന്ന് ഗോളിന്റെ പരാജയമാണ് ഇന്ന് നേരിട്ടത്. സീസൺ പുനരാരംഭിച്ച ശേഷം ഫോം കണ്ടെത്താനെ പറ്റാതിരുന്ന ഷെഫീൽഡാണ് ഇന്ന് ഇത്ര വലിയ വിജയം നേടിയത്.

മത്സരത്തിന്റെ 32ആം മിനുട്ടിൽ സാൻഡെർ ബെർഗിന്റെ ആദ്യ പ്രീമിയർ ലീഗ് ഗോളാണ് ഷെഫീൽഡിന് ലീഡ് നൽകിയത്. ആ ഗോളിന് ഒരു മിനുട്ട് കൊണ്ട് ഹാരി കെയ്നിലൂടെ സ്പർസ് മറുപടി പറഞ്ഞതായിരുന്നു. എന്നാൽ വിവാദപരമായ ഒരു തീരുമാനത്തിലൂടെ വാർ ആ ഗോൾ നിഷേധിച്ചു. ഇതിനു ശേഷം സ്പർസിന് കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലേക്ക് നീങ്ങി. രണ്ടാം പകുതിയിൽ മുസെറ്റിലൂടെ ഷെഫീൽഡിന്റെ രണ്ടാം ഗോൾ വന്നു. 84ആം മിനുട്ടിൽ മക്ബേർണി മൂന്നാം ഗോളും നേടി.

മത്സരത്തിന്റെ അവസാന നിമിഷത്തിൽ കെയ്ൻ ഒരു ആശ്വാസ ഗോൾ നേടിയെങ്കിലും അത് കൊണ്ട് കാര്യമൊന്നും ഉണ്ടായില്ല. പരാജയത്തോടെ സ്പർസ് ഒമ്പതാം സ്ഥാനത്തേക്ക് താഴ്ന്നു. അവർക്ക് 45 പോയന്റാണ് ഉള്ളത്. 47 പോയന്റുമായി ഷെഫീൽഡ് ഏഴാം സ്ഥാനത്തെത്തി.

Advertisement