ഇഞ്ചുറി ടൈമിൽ വിജയ ഗോൾ, സ്പർസിൽ മൗറീഞ്ഞോ മാജിക് തുടരുന്നു

- Advertisement -

ജോസ് മൗറീഞ്ഞോയുടെ സ്പർസ് മാജിക് തുടരുന്നു. വോൾവ്സിനെ 1-2 ന് മറികടന്നാണ് സ്പർസ് ലീഗിൽ അഞ്ചാം സ്ഥാനത്ത് എത്തിയത്. നിലവിൽ നാലാം സ്ഥാനത്തുള്ള ചെൽസിയുടെ കേവലം 3 പോയിന്റ് താഴെ മാത്രമാണ് അവർ. ഇഞ്ചുറി ടൈമിൽ യാൻ വേർതൊഗൻ നേടിയ ഗോളിലാണ് മൗറീഞ്ഞോ 3 പോയിന്റ് സ്വന്തമാക്കിയത്.

കളിയുടെ തുടകത്തിൽ തന്നെ ലൂക്കാസ് മോറ നേടിയ മികച്ചൊരു ഗോളിൽ ലീഡ് എടുത്തെങ്കിലും സ്പർസിന് പിന്നീട് കളിയിൽ കാര്യമായ മുന്നേറ്റങ്ങൾ നടത്താനായില്ല. ഇതോടെ രണ്ടാം പകുതിയിൽ കൂടുതൽ ഊർജവുമായി ഇറങ്ങിയ വോൾവ്സ് കളിയിൽ സമനില ഗോൾ 67 ആം മിനുട്ടിൽ നേടി. അദമാ ട്രയോറെയുടെ ലോങ് ഷോട്ട് ഗോളിലാണ് അവർ സ്കോർ 1-1 ൽ എത്തിച്ചത്‌. കളി സമനിലയിൽ അവസാനിച്ചേക്കും എന്ന ഘട്ടത്തിൽ പക്ഷെ എറിക്സന്റെ കോർണറിന് തല വച്ച് വേർതൊഗൻ പന്ത് വലയിലാക്കി സ്പർസിന് 3 പോയിന്റ് സമ്മാനിക്കുകയായിരുന്നു.

Advertisement