എവർട്ടനെതിരെ നിർത്തിയ ഇടത്ത് നിന്ന് സ്പർസ് തുടർന്നപ്പോൾ ബോൺമൗത്തിനെതിരെ അവർക്ക് കൂറ്റൻ ജയം. എതിരില്ലാത്ത 5 ഗോളുകൾക്കാണ് അവർ ജയിച്ചു കയറിയത്. ജയത്തോടെ 45 പോയിന്റുള്ള അവർ സിറ്റിയെ മറികടന്ന് ലീഗിൽ രണ്ടാം സ്ഥാനത്തെത്തി.
ആദ്യ പകുതിയിൽ മൂന്ന് ഗോളിന്റെ ലീഡാണ് സ്പർസ് സ്വന്തം പേരിലാക്കിയത്. ഈ മൂന്ന് ഗോളുകൾക്കും വഴി ഒരുക്കിയത് സ്പർസിന്റെ യുവ താരം വാൽക്കേസ് പീറ്റേഴ്‌സ് ആയിരുന്നു എന്നത് ശ്രദ്ധേയമായി. പതിനാറാം മിനുട്ടിൽ എറിക്സന്റെ ഗോളിൽ ലീഡ് നേടിയ സ്പർസ് ഏറെ വൈകാതെ 23 ആം മിനുട്ടിൽ സോണിന്റെ ഗോളിൽ ലീഡ് രണ്ടാക്കി. 35 ആം മിനുട്ടിൽ ലൂക്കാസ് മോറ മൂന്നാം ഗോളും നേടിയതോടെ ആദ്യ പകുതിയിൽ തന്നെ സ്പർസ് ജയം ഉറപ്പാക്കി.
രണ്ടാം പകുതിയിൽ ആദ്യത്തെ 15 മിനുട്ട് സ്പർസിനെ ബോൺമൗത് തടുത്തെങ്കിലും 61 ആം മിനുട്ടിൽ കെയ്ൻ തന്റെ ഗോൾ നേടി ലീഡ് നാലാക്കി. പത്ത് മിനിട്ടുകൾക്ക് ശേഷം സ്പർസ് സോണിന്റെ ഗോളിലൂടെ തങ്ങളുടെ അഞ്ചാം ഗോളും നേടി ബോൺമൗത്തിന്റെ പതനം പരിപൂർണ്ണമാക്കി.