എമിറേറ്റ്സിൽ ഒരു മരണക്കളി!! ആഴ്സണലിന്റെ അത്ഭുത തിരിച്ചുവരവ് പക്ഷെ ജയത്തിൽ എത്തിയില്ല

Newsroom

Picsart 23 04 22 02 05 51 012
Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിന്റെ നിയന്ത്രണം ആഴ്സണൽ മെല്ലെ മാഞ്ചസ്റ്റർ സിറ്റിയെ ഏൽപ്പിച്ചിരിക്കുകയാണ്‌. ഇന്ന് സ്വന്തം ഹോം ഗ്രൗണ്ടിൽ വെച്ച് പ്രീമിയർ ലീഗിലെ അവസാന സ്ഥാനക്കാരായ സൗതാമ്പ്ടണെ നേരിട്ട ആഴ്സണൽ 3-3ന്റെ സമനില ഏറ്റു വാങ്ങി. 88 മിനുട്ട് വരെ 3-1ന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് ആഴ്സണൽ സമനില പിടിച്ചത്. പക്ഷെ ഈ സമനില ആഴ്സണലിന്റെ കിരീട പ്രതീക്ഷക്ക് വൻ തിരിച്ചടി ആയിരിക്കുകയാണ്.

Picsart 23 04 22 02 06 58 940

ഇന്ന് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ആഴ്സണലിന് ഒരു ഷോക്കിംഗ് തുടക്കമാണ് ലഭിച്ചത്. മത്സരം ആരംഭിച്ച് ഒരു മിനുട്ട് ആകും മുമ്പ് ആഴ്സണൽ ഒരു ഗോളിന് പിറകിലായി. ആഴ്സണൽ കീപ്പർ റാംസ്ഡേലിന്റെ പിഴവ് മുതലെടുത്ത അൽകാരസ് ആണ് സൗതാമ്പ്ടണ് ലീഡ് നൽകിയത്‌. ആ ഗോളിന്റെ ഞെട്ടൽ മാറും മുമ്പ് സതാമ്പ്ടൺ രണ്ടാം ഗോളും നേടി.

14ആം മിനുറ്റിൽ മുൻ ആഴ്സണൽ താരം തിയോ വാൽകോട്ടിന്റെ ഗോളിൽ സെയിന്റ്സ് രണ്ട് ഗോളിന് മുന്നിൽ. അൽകാരസിന്റെ മനോഹര പാസ് സ്വീകരിച്ചായിരുന്നു വാൽകോട്ടിന്റെ ഗോൾ. സ്കോർ 0-2.

ഇതിനു ശേഷം പൂർണ്ണമായും അറ്റാക്കിലേക്ക് തിരിഞ്ഞ ആഴ്സണൽ 20ആം മിനുട്ടിൽ ഒരു ഗോൾ തിരിച്ചടിച്ചു. സാകയുടെ ക്രോസിൽ നിന്ന് ഒരു വോളിയിലൂടെ മാട്ടിനെല്ലി ആണ് ഗോൾ നേടിയത്. മാർട്ടിനെല്ലിയുടെ സീസണിലെ 15ആം ഗോളായിരുന്നു ഇത്‌‌. ഇതിനു ശേഷം സമനില ഗോളിനായുള്ള ആഴ്സണൽ ശ്രമം ആയിരുന്നു. ആൽകാരസിന്റെ ഒരു ഗോൾ ലൈൻ ക്ലിയറൻസ് ആദ്യ പകുതിയിൽ 2-1ന്റെ ലീഡ് നിലനിർത്താൻ സഹായിച്ചു.

Picsart 23 04 22 02 07 39 723

രണ്ടാം പകുതിയിൽ ചില ടാക്ടിക്കൽ മാറ്റങ്ങൾ വരുത്തി പൂർണ്ണമായും ഡിഫൻസിൽ ഊന്നി ആയിരുന്നു സതാമ്പ്ടൺ കളിച്ചത്. 66ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് സതാമ്പ്ടൺ മൂന്നാം ഗോൾ കണ്ടെത്തിയത് ആഴ്സണലിനെ തകർത്തു കളഞ്ഞു. കലെറ്റ സാർ ആയിരുന്നു ഗോൾ നേടിയത്. സ്കോർ 1-3.

ആഴ്സണൽ വിട്ടുകൊടുക്കാൻ തയ്യാറായില്ല. 88ആം മിനുട്ടിൽ ക്യാപ്റ്റൻ ഒദെഗാർഡിന്റെ ഇടം കാലൻ ഷോട്ട് ആഴ്സണലിന്റെ രണ്ടാം ഗോളായി. സ്കോർ 3-2. കളി മാറിയ നിമിഷം. 91ആം മിനുട്ടിൽ ആഴ്സണലിന്റെ മൂന്നാം ഗോൾ. ബോക്സിലെ കൂട്ടപൊരിച്ചലിന് ഒടുവിൽ സാകയുടെ ഫിനിഷ്. 3-3.

പിന്നെ വിജയ ഗോൾ ആയിരുന്നു ലക്ഷ്യം. 93ആം മിനുട്ടിൽ ട്രൊസാർഡിന്റെ ഒരു ലോംഗ് റേഞ്ചർ പോസ്റ്റിൽ തട്ടി പുറത്തേക്ക്. 95ആം മിനുട്ടിൽ റീസ് നെൽസന്റെ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തേക്ക്. ആഴ്സണൽ സമ്മർദ്ദം ഉയർത്തി. പക്ഷെ വിജയ ഗോൾ മാത്രം വന്നില്ല.

ഈ സമനിലയോടെ ആഴ്സണൽ 32 മത്സരങ്ങളിൽ നിന്ന് 75 പോയിന്റുമായി ഒന്നാമത് തന്നെ നിൽക്കുകയാണ്. 30 മത്സരങ്ങൾ മാത്രം കളിച്ച സിറ്റി രണ്ടാമത് ഉണ്ട്. മറുവശത്ത് സതാമ്പടൺ 24 പോയിന്റുമായി അവസാന സ്ഥാനത്ത് തന്നെ നിൽക്കുന്നു.