ഇംഗ്ലീഷ് മുന്നേറ്റ താരം ഡൊമിനിക് സോളങ്കി ബോൺമൗത്തിൽ പുതിയ കരാർ ഒപ്പിട്ടു. ഇതോടെ 2027 വരെ താരത്തിന്റെ സേവനം ക്ലബ്ബിന് ലഭിക്കും. തന്റെ ജന്മദിനത്തിൽ തന്നെയാണ് താരം പുതിയ കരാറിൽ ഒപ്പിട്ടയതെന്ന പ്രത്യേകതയും ഉണ്ട്. സോളങ്കിയെ പോലെ കഴിവുറ്റ താരത്തെ ഭാവിയിലും ടീമിന്റെ ഭാഗമായി നിലനിർത്താൻ സാധിക്കുന്നത് വലിയ നേട്ടമാണെന്ന് ക്ലബ്ബ് ചീഫ് എക്സിക്യൂട്ടീവ് നീൽ ബ്ലെക്ക് ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു. സോളങ്കിക്കൊപ്പം ഇനിയും മികച്ച നേട്ടങ്ങൾ കൊയ്യാൻ ടീമിനാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
2019ൽ ലിവർപൂളിൽ നിന്നും എത്തിയ ശേഷം മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. ആദ്യ രണ്ടു സീസണുകൾക്ക് ശേഷം താളം കണ്ടെത്തിയ താരം, ക്ലബ്ബ് ചാമ്പ്യൻഷിപ്പ് ഡിവിഷനിലേക്ക് വീണു പോയ ഘട്ടത്തിൽ 29 ഗോളുകൾ കണ്ടെത്തി. 2022ൽ പ്രീമിയർ ലീഗിലേക്കുള്ള ബോൺമൗത്തിന്റെ തിരിച്ചു വരവിൽ ഈ പ്രകടനം നിർണായകമായി. ചെൽസി യൂത്ത് അക്കാദമിയിലൂടെ വളർന്ന താരം 2017ലാണ് ലിവർപൂളിൽ എത്തുന്നത്. ഇരുപതോളം മത്സരങ്ങൾ ലിവേർപ്പൂളിനായി കളിച്ച ശേഷം ബോൺമൗത്തിലേക്ക് ചേക്കേറുകയായിരുന്നു. ഇതുവരെ 179മത്സരങ്ങൾ ബോൺമൗത്തിനായി കളത്തിൽ ഇറങ്ങിയിട്ടുണ്ട് ഈ 25കാരൻ.